കവി തിരുവള്ളുവരെ കാവി പുതപ്പിച്ച് തമിഴ്‌നാട് ഗവര്‍ണര്‍; വിവാദം

Update: 2024-05-24 06:48 GMT

ചെന്നൈ: പ്രശസ്ത തമിഴ് കവി തിരുവള്ളുവരെ കാവി പുതപ്പിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ പുറത്തിറക്കിയ ക്ഷണക്കത്ത് വിവാദത്തില്‍. മെയ് 24ന് നടക്കുന്ന തിരുവള്ളുവര്‍ തിരുനാള്‍ ആഘോഷത്തിന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി നല്‍കിയ ക്ഷണത്തിലാണ് തിരുവള്ളുവരെ കാവി വസ്ത്രം ധരിച്ചും ഭസ്മം തൊട്ടും ഇരിക്കുന്ന വിധത്തില്‍ ചിത്രീകരിച്ചത്. തമിഴ്‌നാട് രാജ്ഭവന്‍ ക്ഷണക്കത്ത് പുറത്തിറക്കിയതിനു പിന്നാലെ ദ്രാവിദ കക്ഷികളും കോണ്‍ഗ്രസും പ്രതിഷേധവുമായെത്തി. തിരുവള്ളുവരുടെ ഫോട്ടോ മാറ്റുന്നത് നിയമവിരുദ്ധമാണെന്നാണ് രാജ്ഭവനില്‍ നിന്നുള്ള ക്ഷണത്തോട് പ്രതികരിച്ച് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ സെല്‍വപെരുന്തഗൈ പറഞ്ഞത്. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി തിരുവള്ളുവരുടെ സര്‍ക്കാര്‍ അംഗീകരിച്ച ഫോട്ടോ മാറ്റി അദ്ദേഹത്തിന് വര്‍ഗീയ നിറം നല്‍കുന്ന മറ്റൊന്ന് പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവള്ളുവര്‍ കാവി വസ്ത്രവും നെറ്റിയില്‍ ഭസ്മം പുരട്ടിയ രുദ്രാക്ഷ മാലയും ധരിച്ചിരിക്കുന്നതായാണ് ചിത്രത്തിലുള്ളത്.

    ജനുവരി 16നാണ് തമിഴ്‌നാട് തിരുവള്ളുവര്‍ ദിനമായി ആചരിക്കുന്നത്. നേരത്തേയും തമിഴ് സന്യാസിയും കവിയുമായ തിരുവള്ളുവരെ കാവി വസ്ത്രത്തില്‍ ചിത്രീകരിച്ചതിനെച്ചൊല്ലി തമിഴ്‌നാട്ടില്‍ സംഘര്‍ഷത്തിന് കാരണമാക്കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ഈറോഡിലെ സര്‍ക്കാര്‍ സ്‌കൂളിന്റെ ചുവരില്‍ കാവിയുടുത്ത തിരുവള്ളുവരുടെ ചുവര്‍ചിത്രം വരച്ചത് രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരുന്നു. സാധാരണഗതിയില്‍ ഒരു മതത്തിലും പെടാതെ വെള്ളവസ്ത്രം ധരിച്ച് മാത്രം ചിത്രീകരിക്കുന്ന തിരുവള്ളുവരെ കാവിവല്‍ക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ദ്രാവിഡ പാര്‍ട്ടികള്‍ ആരോപിച്ചു.

Tags:    

Similar News