ഫലസ്തീനെ പിന്തുണച്ച് പോസ്റ്റിട്ട രോഹിത് ശര്‍മയുടെ ഭാര്യയ്ക്കു നേരെ ഹിന്ദുത്വരുടെ സൈബര്‍ ആക്രമണം
മുംബൈ: ഇസ്രായേല്‍ ക്രൂരതയ്‌ക്കെതിരേ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഭാര്യയ്‌ക്കെതിരേ ഹിന്ദുത്വരുടെ സൈബര്‍ ആക്രമണം. ആഗോളതലത്തില്‍ ശ്രദ്ധേയമായ 'എല്ലാ കണ്ണുകളും റഫയിലേക്ക് ' എന്ന പോസ്റ്ററാണ് രോഹിത്തിന്റെ ഭാര്യ റിതിക സജ്‌ദേ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് വിദ്വേഷം പടര്‍ത്തുന്ന സൈബര്‍ ആക്രമണമുണ്ടായത്. ഇതോടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. എക്‌സിലൂടെയാണ് റിതിക സജ്‌ദേ റഫയോട് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചത്.
എന്നാല്‍, പാകിസ്താനിലും ബംഗ്ലാദേശിലും പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് വേണ്ടി എപ്പോഴെങ്കിലും ശബ്ദമുയര്‍ത്തിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളായി സംഘപരിവാര പ്രൊഫൈലുകള്‍ കടുത്ത ആക്രമണം നടത്തുകയായിരുന്നു. ഗസ എവിടെയാണെന്നുപോലും രോഹിത് ശര്‍മയുടെ ഭാര്യയ്ക്ക് അറിയില്ലെന്നും സെലക്ടീവ് ആക്ടിവിസമാണ് ഇവരുടേതെന്നും ചിലര്‍ വിമര്‍ശിച്ചു. റഫയിലെ അഭയാര്‍ഥി ക്യാംപിനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 40ലേറെ പേര്‍ വെന്തുമരിച്ചതിനു പിന്നാലെയാണ് സോഷ്യല്‍ 'എല്ലാ കണ്ണുകളും റഫയിലേക്ക്' എന്ന പോസ്റ്റര്‍ വൈറലായത്. നിരവധി പ്രമുഖരാണ് പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കിയത്. ദുല്‍ഖര്‍ സല്‍മാന്‍, ഷെയിന്‍ നിഗം, നിഖില വിമല്‍, ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ്, ബേസില്‍ തുടങ്ങി പല മലയാളി ചലച്ചിത്രതാരങ്ങളും കാംപയിന്റെ ഭാഗമായിരുന്നു. റഫയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഉത്തരവിനു തൊട്ടുപിന്നാലെയാണ് അഭയാര്‍ഥി ക്യാംപിനു നേരെ രൂക്ഷമായ ആക്രമണത്തിന് ഇസ്രായേല്‍ മുതിര്‍ന്നത്. ഇതിനെതിരേ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
