പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് അന്തരിച്ചു
ബെല്‍ഫാസ്റ്റിലെയും സാരായോവയിലെയും ബൈറൂത്തിലെയും ബാഗ്ദാദിലെയും ജനങ്ങളെ നിരീക്ഷിച്ചുകൊണ്ടാണ് അദ്ദേഹം കൂടുതലും തന്റെ പത്രപ്രവര്‍ത്തനരംഗത്ത് ചിലവഴിച്ചത്
ലണ്ടന്‍: പ്രമുഖ ഇംഗ്ലീഷ് മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ റോബര്‍ട്ട് ഫിസ്‌ക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡബ്ലിനിലെ സെന്റ് വിന്‍സെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 'ദ ഇന്‍ഡിപെന്‍ഡന്റ്' എന്ന പ്രശസ്ത ബ്രിട്ടീഷ് പത്രത്തിന്റെ പശ്ചിമേഷ്യന്‍ ലേഖകന്‍ കൂടിയായിരുന്നു അദ്ദേഹം. യുദ്ധകാര്യ ലേഖകനായാണ് ഫിസ്‌ക് അറിയപ്പെടുന്നത്. അറബി ഭാഷയില്‍ അതീവ പാണ്ഡിത്യം നേടിയ ഫിസ്‌ക് ഉസാമ ബിന്‍ ലാദിനെ മൂന്ന് തവണ നേരില്‍ കണ്ട് അഭിമുഖം നടത്തിയ അപൂര്‍വ്വം പാശ്ചാത്യന്‍ പത്രപ്രവര്‍ത്തകരിലൊരാളാണ്.
''നിര്‍ഭയനായ, വിട്ടുവീഴ്ചയില്ലാത്ത നിശ്ചയദാര്‍ഢ്യം പുലര്‍ത്തിയ, വസ്തുതകളും യഥാര്‍ത്ഥ്യവും എന്തുവിലകൊടുത്തും വെളിപ്പെടുത്താന്‍ തികച്ചും പ്രതിജ്ഞാബദ്ധനുമായിരുന്നു റോബര്‍ട്ട് ഫിസ്‌ക്. അദ്ദേഹം ഏറ്റവും മികച്ച പത്രപ്രവര്‍ത്തകനായിരുന്നു'. ദി ഇന്‍ഡിപെന്‍ഡന്റ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ ക്രിസ്റ്റ്യന്‍ ബ്രോട്ടന്‍ പറഞ്ഞു:
1970 ലെ തെക്കന്‍ അയര്‍ലണ്ട് പ്രശ്നം, 1974 ലെ പോര്‍ച്ചുഗീസ് വിപ്ലവം, 1975-1990 ലബനീസ് ആഭ്യന്തര യുദ്ധം, 1979 ലെ ഇറാന്‍ വിപ്ലവം, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ആക്രമണം, 1980-1988 ലെ ഇറാന്‍-ഇറാഖ് യുദ്ധം, 1991 ലെ ഗള്‍ഫ് യുദ്ധം, 2003 ലെ അമേരിക്കയുടെ ഇറാഖ് ആക്രമണം എന്നിവ റോബര്‍ട്ട് ഫിസ്‌ക് റിപോര്‍ട്ട് ചെയ്തു. സര്‍ക്കാരുകളുടെ ഔദ്യോഗി ക വിവരണങ്ങളെ ചോദ്യം ചെയ്യുന്നതിലും പ്രസിദ്ധീകരിക്കുന്നതിലും ധൈര്യം കാണിച്ച വ്യക്തി ആയിരുന്നു ഫിസ്‌ക്. 'ന്യുയോര്‍ക്ക് ടൈംസ്' അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ബ്രിട്ടനിലെ ഏറ്റവും പ്രഗല്ഭനായ വിദേശകാര്യ ലേഖകന്‍ എന്നാണ്. ബെല്‍ഫാസ്റ്റിലെയും സാരായോവയിലെയും ബൈറൂത്തിലെയും ബാഗ്ദാദിലെയും ജനങ്ങളെ നിരീക്ഷിച്ചുകൊണ്ടാണ് അദ്ദേഹം കൂടുതലും തന്റെ പത്രപ്രവര്‍ത്തനരംഗത്ത് ചിലവഴിച്ചത്
1946ല്‍ കെന്റിൽ ജനിച്ച റോബര്‍ട്ട് ഫിസ്‌ക് 1968 ല്‍ ലാന്‍സര്‍ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും 1985 ല്‍ ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്ന് രാഷ്ട്രതന്ത്രത്തില്‍ പി.എച്ച്.ഡി യും കരസ്ഥമാക്കി. സന്‍ഡേ എക്സ്പ്രസിലാണ് തുടക്കം. പിന്നീട് 'ദ ടൈംസില്' ചേര്‍ന്നു. റൂപര്‍ട്ട് മര്‍ഡോക്ക് ടൈംസ് ഏറ്റെടുത്തതോ ടെ തന്റെ ചില റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹം ടൈംസ് വിട്ടു. ഒടുവിലാണ് ദ ഇന്‍ഡിപെന്‍ഡന്റില്‍ ചേര്‍ന്നത്. 1976 മുതല്‍ ബൈറൂത്തില്‍ താമസിക്കുന്ന ഫിസ്‌ക് ലബനാന്‍ ആഭ്യന്തര യുദ്ധം മുഴുവനായും നേരില്‍ റിപോര്‍ട്ട് ചെയ്തു. പ്രമാദമായ സ്വബ്‌റ-ശാത്തീല കൂട്ടക്കൊല നടന്ന സ്ഥലം ആദ്യമായി സന്ദര്‍ശിച്ച പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഫിസ്‌ക്.
ആംനസ്റ്റി ഇന്റര്‍നാഷണല്‍(1998), ബ്രിട്ടീഷ് പ്രസ്(2000), ഡവിഡ് വാറ്റ് പ്രൈസ്(2001), മാര്‍ത്ത ഗെല്‍നോണ്‍ പ്രൈസ് (2002), ലെനന കള്‍ചറല്‍ ഫ്രീഡം പ്രൈസ്(2006) എന്നിവയുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയ ഫിസ്‌ക് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്, പിറ്റി ദി നേഷന്‍: ലെബനന്‍ അറ്റ് വാര്‍, ദി ഗ്രേറ്റ് വാര്‍ ഫോര്‍ നാഗരികത: മിഡില്‍ ഈസ്റ്റിന്റെ വിജയം എന്നിവ ഉള്‍പെടുന്നു. ഫിസ്‌കിന്റെ ഏറ്റവും സ്വീകാര്യ ത ലഭിച്ചിട്ടുള്ള 2005 ലെ ഒരു കൃതി യാ ണ് 'ദ് ഗ്രേറ്റ് വാര്‍ ഫോര്‍ സിവിലൈസേഷന്‍: ദ കോണ്‍കസ്റ്റ് ഓഫ് ദ മിഡില്‍ ഈസ്റ്റ്'. സയണിസ്റ്റ്-അമേരിക്കന്‍ കൂട്ടുകെട്ടിന്റെ മിഡില്‍ ഈസ്റ്റ് നിലപാടുകളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന ഈഗ്രന്ഥം, നിരൂപകരുടെയും അന്തര്‍ദേശീയ വിഷയങ്ങളിലെ വിദ്യാര്‍ഥികളുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

