അറബി അധ്യാപകരുടെ അവകാശം സംരക്ഷിക്കണം; ഏപ്രില്‍ 10 ന് വിദ്യാഭ്യാസ ഓഫീസ് ധര്‍ണ
കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏപ്രില്‍ 10 ന് ജില്ലയിലെ എ ഇ ഒ ഓഫീസുകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്താന്‍ കോഴിക്കോട്ട് സംഘടിപ്പിച്ച കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സമര പ്രഖ്യാപന സംഗമം തീരുമാനിച്ചു. തുടര്‍ന്ന് ഏപ്രില്‍ 19 ന് കോഴിക്കോട് ഡിഡിഇ ഓഫീസിന് മുന്നില്‍ പ്രതിഷേധ സംഗമം ചേരും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസ മന്ത്രി എന്നിവരെ നേരില്‍ കണ്ടുനിവേദനം നല്‍കാനും തീരുമാനിച്ചു. അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമാക്കുക, അറബിക് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചു വന്നിരുന്ന സാമ്പത്തിക വിഹിതം ലഭ്യമാക്കുക, അറബിക് - സംസ്‌കൃതം കലോത്സവങ്ങളെ ഇല്ലാതാക്കുന്ന പുതിയ കലോത്സവ മാന്വല്‍ പരിഷ്‌കരണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കോഴിക്കോട് ശിക്ഷക് സദനില്‍ നടന്ന സമരപ്രഖാപന സംഗമം ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സെക്രട്ടറി നിസാര്‍ ഒളവണ്ണ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ പി പി ഫിറോസ് മാസ്റ്റര്‍ പ്രമേയം അവതരിപ്പിച്ചു. റവന്യൂ ജില്ലാ പ്രസിഡന്റ് നൗഷാദ് ഇ സി അധ്യക്ഷത വഹിച്ചു.