റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും; ആര്‍ഡിഒയുടെ അനുമതി

മാര്‍ച്ച് ഒന്നിനാണു ദുബയിലെ ഫ്ലാറ്റില്‍ റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസിനെതിരേ കാക്കൂര്‍ പോലിസ് കേസെടുത്തിരുന്നു.

Update: 2022-05-04 14:13 GMT

കോഴിക്കോട്: പ്രമുഖ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ആര്‍ഡിഒയുടെ അനുമതി. റിഫയുടെ കുടുംബത്തിന്റെ പരാതിയില്‍ അനുമതി ആവശ്യപ്പെട്ട് പോലിസാണ് ആര്‍ഡിഒയെ സമീപിച്ചത്. ദുബയില്‍വച്ച് റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല.

മാര്‍ച്ച് ഒന്നിനാണു ദുബയിലെ ഫ്ലാറ്റില്‍ റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മെഹ്നാസിനെതിരേ കാക്കൂര്‍ പോലിസ് കേസെടുത്തിരുന്നു. 306, 498 എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂര്‍ പോലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ മെഹ്നാസിനെതിരേ കേസെടുക്കണമെന്നു റിഫയുടെ പിതാവും മാതാവും സഹോദരനും റൂറല്‍ എസ്പി എ ശ്രീനിവാസിനു പരാതി നല്‍കിയിരുന്നു. എസ്പിയുടെ നിര്‍ദേശ പ്രകാരം കാക്കൂര്‍ പോലിസ് പ്രാഥമിക അന്വേഷണം നടത്തി. റിഫയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. 3 വര്‍ഷം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്.