ചിന്നക്കനാലിലെ കയ്യേറ്റങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി റവന്യൂവകുപ്പ്

കയ്യേറ്റം തിരിച്ച് പിടിച്ചതിനൊപ്പം സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടത്തിയവര്‍ക്കെതിരേ കേസെടുക്കുന്നതിനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

Update: 2020-08-23 02:59 GMT

ഇടുക്കി: ചിന്നക്കനാലില്‍ ലോക്ക് ഡൗണിന്റെ മറവില്‍ നടത്തിയ കയ്യേറ്റം ഒഴുപ്പിച്ച് റവന്യൂ വകുപ്പ്. ചിന്നക്കനാല്‍ വെള്ളൂക്കുന്നേല്‍ കുടുംബം കയ്യേറി കൈവശം വച്ചിരുന്ന അമ്പതേക്കറിലധികം വരുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിച്ച് ബോര്‍ഡ് സ്ഥാപിച്ചു. ഇടുക്കി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ നേരിട്ടെത്തിയാണ് കയ്യേറ്റം തിരിച്ച് പിടിച്ചത്. എന്നും കയ്യേറ്റ വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള ചിന്നക്കനാലില്‍ ലോക് ഡൗണിന്റെ മറവില്‍ കയ്യേറ്റങ്ങള്‍ നടന്നിട്ടുള്ളതായി മുമ്പും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഏക്കറ് കണക്കിന് ഭൂമി കയ്യേറി കൈവശപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിച്ചത്. കയ്യേറ്റം തിരിച്ച് പിടിച്ചതിനൊപ്പം സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശപ്പെടത്തിയവര്‍ക്കെതിരേ കേസെടുക്കുന്നതിനും ജില്ലാ കളക്ടര്‍  നിര്‍ദേശം നല്‍കി.

ചിന്നക്കനാല്‍ സിമന്റ് പാലത്ത് സര്‍വ്വേ നമ്പര്‍ 20/1ല്‍പെട്ട 21 ഏക്കര്‍ 30 സെന്റ്, ചിന്നക്കനാല്‍ മൗണ്ട്ഫോര്‍ട്ട് സ്‌കൂളിന്റെ സമീപത്തുള്ള സര്‍വ്വേ നമ്പര്‍ 517, 518, 520, 526, 577 എന്നിവല്‍ ഉള്‍പ്പെട്ട 18 ഏക്കര്‍ 30 സെന്റ്, സര്‍വ്വേ നമ്പര്‍ 20/1ല്‍പെട്ട 1 ഏക്കര്‍ 74 എന്നിവയാണ് ഇന്നലെ തിരിച്ചുപിടിച്ചത്. കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടികളുമായി മുമ്പോട്ട് പോകുമെന്നും റവന്യൂവകുപ്പ് വ്യക്തമാക്കി.




Tags: