തകര്‍ക്കപ്പെട്ട ക്ഷേത്രം രണ്ടാഴ്ചക്കകം പുനര്‍നിര്‍മിക്കണം: കര്‍ശന നിര്‍ദേശം നല്‍കി പാക് പരമോന്നത കോടതി

ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യാ ഭരണകൂടത്തോടാണ് സുപ്രിംകോടതി ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

Update: 2021-01-05 10:50 GMT

ഇസ്‌ലാമാബാദ്: തകര്‍ക്കപ്പെട്ട ഹിന്ദു ക്ഷേത്രം രണ്ടാഴ്ചക്കകം പുനര്‍നിര്‍മിച്ച് നല്‍കാന്‍ പാക് പരമോന്നത കോടതി ഉത്തരവിട്ടു. ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യാ ഭരണകൂടത്തോടാണ് സുപ്രിംകോടതി ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ഡിസംബര്‍ 30നാണ് കാരക് ജില്ലയിലെ തേരി ഗ്രാമത്തിലെ പരമഹംസ്ജി മഹാരാജ് സമാധിയും കൃഷ്ണ ദ്വാര മന്ദിറും അക്രമികള്‍ തകര്‍ത്തത്.

സംഭവത്തില്‍ 50ല്‍ അധികം പേരെ വിവിധ ഘട്ടങ്ങളിലായി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ജംഇയത്ത് ഉലമായെ ഇസ്‌ലാം എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നില്‍ പോലിസ് വ്യക്തമാക്കിയിരുന്നു.

ക്ഷേത്രം തകര്‍ക്കപ്പെട്ടതിന് പിന്നാലെ ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന സാമാജികന്‍ രമേഷ് കുമാര്‍ ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് സംഭവത്തില്‍ സ്വമേധയാ കേസെടുക്കുകയും ജനുവരി അഞ്ചിന് വാദം കേള്‍ക്കാന്‍ നിശ്ചയിക്കുകയും ചെയ്തിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് ക്ഷേത്രം പുനര്‍ നിര്‍മിച്ചുനല്‍കണമെന്ന് കോടതി ഉത്തരവിട്ടത്.ക്ഷേത്രപുനര്‍നിര്‍മാണം ഉടര്‍ ആരംഭിക്കാനും നിര്‍മാണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യാ ഭരണകൂടത്തോടും മതകാര്യ വകുപ്പിനോടും (ഔഖാഫ്) കോടതി ഉത്തരവിട്ടിട്ടു. ക്ഷേത്രം തകര്‍ത്തവരില്‍നിന്ന് പുനര്‍നിര്‍മാണത്തിന്റെ ചെലവ് ഈടാക്കാനും കോടതി നിര്‍ദേശിച്ചു.

രാജ്യത്തെ ക്ഷേത്രങ്ങളുടെ എണ്ണം, ഔഖാഫിനു കീഴിലുള്ള വസ്തുവകകള്‍ക്ക് മേല്‍ നടന്നിട്ടുള്ള കയ്യേറ്റം, ഭൂമി കയ്യേറ്റത്തിനെതിരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ തുടങ്ങിയവ സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജാരാക്കാനും കോടതി നിര്‍ദേശിച്ചു. പാകിസ്ഥാനിലെ എല്ലാ ക്ഷേത്രങ്ങളും ഔഖാഫ് വകുപ്പിനു കീഴിലാണ്.

സുപ്രിം കോടതിയുടെ ഏകാംഗ കമ്മീഷന്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 75 ലക്ഷം ഹിന്ദുക്കള്‍ പാകിസ്താനില്‍ കഴിയുന്നുണ്ട്.എന്നാല്‍ 90 ലക്ഷത്തോളം പേര്‍ പാകിസ്താനിലുണ്ടെന്നാണ് ഹിന്ദു സമൂഹം അവകാശപ്പെടുന്നത്. സിന്ധ് മേഖലയിലാണ് ഭൂരിഭാഗം ഹിന്ദുക്കളും കഴിയുന്നത്.

Tags:    

Similar News