കുവൈത്തില്‍ താമസ നിയമ ലംഘകര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കി നാട്ടിലേക്കയച്ചേക്കും

ആഭ്യന്തര മന്ത്രാലയം തീരുമാനങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും

Update: 2020-03-17 04:55 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ നിയമ ലംഘകരെ കുറയ്ക്കുന്നതിന് ആഭ്യന്തര മന്ത്രാലയം വരുംദിവസങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പാര്‍ലിമന്റ്, മന്ത്രിസഭ അംഗങ്ങളുടെ യോഗങ്ങളില്‍ ചര്‍ച്ച ചെയ്തതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപോര്‍ട്ട് ചെയ്തു. രാജ്യത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ താമസ നിയമലംഘകരുടെ സാന്നിധ്യം സര്‍ക്കാരിന് കനത്ത വെല്ലുവിളിയായി തുടരുകയാണ്. താമസ നിയമ ലംഘകരായ ഒരു ലക്ഷത്തോളം പേര്‍ രാജ്യം വിടുന്നത് വഴി നിലവിലെ സാഹചര്യത്തില്‍ രാജ്യത്തെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം സര്‍ക്കാരിന് ഒരളവ് വരെ കുറയ്ക്കാന്‍ സാധിക്കും. ഇതിനായി രണ്ടുഘട്ടങ്ങളിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

    

    ആദ്യഘട്ടത്തില്‍ താമസ നിയമ ലംഘകര്‍ക്ക് സ്വയം കീഴടങ്ങുവാനുള്ള അവസരം മാധ്യമങ്ങള്‍ വഴി പ്രഖ്യാപിക്കും. ഇങ്ങനെ കീഴടങ്ങുന്നവരുടെ താമസ നിയമ ലംഘനവുമായി ബന്ധപ്പെട്ട മുഴുവന്‍ പിഴയും ഒഴിവാക്കുന്നതോടൊപ്പം ഇവര്‍ക്ക് നാട്ടിലേക്ക് സൗജന്യ യാത്രാ ടിക്കറ്റും അനുവദിക്കും. ഇതിനു വേണ്ടത്ര പ്രതികരണം ലഭിച്ചില്ലെങ്കില്‍ രണ്ടാംഘട്ടത്തില്‍ വിദേശികളുടെ താമസ കേന്ദ്രങ്ങളില്‍ അതിശക്തമായ തിരച്ചില്‍ നടത്തി താമസ നിയമ ലംഘകരെ പിടികൂടി നാട്ടിലേക്ക് തിരിച്ചയക്കുമെന്നും പത്രം റിപോര്‍ട്ട് ചെയ്യുന്നു. അതേ സമയം, കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന വിദേശികളെ തല്‍ക്ഷണം നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലെഹ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.




Tags: