സംവരണ സംരക്ഷണം: ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ ആഹ്വാനം

Update: 2020-02-22 16:53 GMT

കൊച്ചി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഫെബ്രുവരി 23ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ സാമൂഹിക-രാഷ്ട്രീയപ്രവര്‍ത്തകരുടെ ആഹ്വാനം. സംവരണം മൗലികാവകാശമല്ലാതാക്കി മാറ്റുന്ന സുപ്രിംകോടതി വിധി പുനപരിശോധിക്കാന്‍ സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും വിഷയത്തിന് ദേശീയശ്രദ്ധ ലഭിക്കാനും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനുമാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൗരന്മാരെ മതാധിഷ്ഠിതമായി വിഭജിച്ച് പൗരത്വം പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രം പരിമിതപ്പെടുത്തുന്ന പൗരത്വഭേദഗതി നിയമത്തോടൊപ്പം, ഇന്ത്യയിലെ മഹാഭൂരിപക്ഷമായ ദലിതര്‍, ആദിവാസികള്‍, പിന്നോക്കവിഭാഗക്കാര്‍ തുടങ്ങിയവരുടെ പൗരത്വാവകാശങ്ങള്‍ റദ്ദുചെയ്യുന്ന ഭരണഘടനാ വിരുദ്ധമായ തീരുമാനമാണ് സംവരണം മൗലികാവകാശമല്ല എന്ന സുപ്രിംകോടതി വിധി.

    സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി നടപ്പാക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരേ ശക്തമായ ദേശീയ പ്രക്ഷോഭം രാജ്യമെമ്പാടും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. മുസ്‌ലിംമത ന്യൂനപക്ഷങ്ങളോടൊപ്പം ദലിത്-ആദിവാസി-ജനാധിപത്യ ശക്തികളും ഐക്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. പൗരന്മാരെ മതപരമായി വിഭജിച്ച് മുസ് ലിം സമുദായത്തെ അപരവല്‍ക്കരിക്കുന്നതോടൊപ്പം ആദിവാസി-ദലിത് വിഭാഗങ്ങളുടെയും വംശീയ ന്യൂനപക്ഷങ്ങളുടെയും ഭാഷാദേശീയതകളുടെയും പൗരസമത്വാവകാശങ്ങളും സാമൂഹികാവകാശങ്ങളും റദ്ദാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭരണഘടന അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ നടപടിക്കെതിരെയാണ് 23ന് നടക്കുന്ന ഭാരത് ബന്ദ് ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നത്. ആയതിനാല്‍ പൗരസമത്വ പ്രക്ഷോഭത്തോടൊപ്പം ഐക്യപ്പെടണമെന്നും ഭാരത് ബന്ദ് വിജയിപ്പിക്കാനുള്ള ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എം ഗീതാനന്ദന്‍(ദലിത്-ആദിവാസി-സ്ത്രീ പൗരാവകാശ കൂട്ടായ്മ), യു സി രാമന്‍(ദലിത് ലീഗ്), സി എസ് മുരളി(ദലിത്-ആദിവാസി-സ്ത്രീ പൗരാവകാശ കൂട്ടായ്മ), അഡ്വ. ഡി ദിപു(ഭീം ആര്‍മി, കേരളാ ചീഫ്), കെ അംബുജാക്ഷന്‍(വെല്‍ഫെയര്‍ പാര്‍ട്ടി), കെ കെ ബാബുരാജ്, പി എം വിനോദ്(കെപിഎംഎസ്), സജി കെ ചേരമന്‍(എഎസ് 4), പി വി സജീവ് കുമാര്‍(കൊടുങ്ങല്ലൂര്‍ കൂട്ടായ്മ), അഡ്വ. പി ഒ ജോണ്‍(ദലിത്-ആദിവാസി കോ-ഓഡിനേഷന്‍, കോട്ടയം), കെ മായാണ്ടി(എസ് സി/എസ് ടി കോ-ഓഡിനേഷന്‍, പാലക്കാട്) തുടങ്ങിയവരാണ് പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്.




Tags:    

Similar News