മോചനത്തിന് മിര്‍വായിസ് ബോണ്ട് ഒപ്പിട്ടെന്ന റിപോര്‍ട്ട് തള്ളി ഹൂര്‍റിയത്ത് കോണ്‍ഫ്രറന്‍സ്

ബോണ്ട് ഒപ്പിട്ട ശേഷം ഹുറിയത്ത് ചെയര്‍മാനെ വിട്ടയച്ചെന്ന ചില സ്രോതസ്സുകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ നടത്തിയ വാര്‍ത്ത അങ്ങേയറ്റം അടിസ്ഥാനരഹിതമാണെന്നും ഹുര്‍റിയത്ത് പ്രസ്താവനയില്‍ വ്യക്തമാക്കി.

Update: 2019-09-21 18:05 GMT

ശ്രീനഗര്‍: തടങ്കല്‍ മോചിതനാവാന്‍ തങ്ങളുടെ ചെയര്‍മാനായ മിര്‍വായിസ് ഉമര്‍ ഫാറൂഖ് ബോണ്ട് ഒപ്പിട്ടെന്ന റിപോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമെന്ന് മിതവാദി ഹുറിയത്ത് കോണ്‍ഫ്രന്‍സ്. ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടര്‍ന്ന് തടവിലാക്കപ്പെട്ട ഏഴു പേര്‍ തങ്ങളുടെ മോചനത്തിനായി സര്‍ക്കാരുമായി ധാരണയുണ്ടാക്കിയതായും അതില്‍ മിര്‍വായിസും ഉള്‍പ്പെടുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നു.

ബോണ്ട് ഒപ്പിട്ട ശേഷം ഹുറിയത്ത് ചെയര്‍മാനെ വിട്ടയച്ചെന്ന ചില സ്രോതസ്സുകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ നടത്തിയ വാര്‍ത്ത അങ്ങേയറ്റം അടിസ്ഥാനരഹിതമാണെന്നും ഹുര്‍റിയത്ത് പ്രസ്താവനയില്‍ വ്യക്തമാക്കി. ആഗസ്ത് അഞ്ചു മുതല്‍ മിര്‍വായ്‌സ് തന്റെ വസതിയില്‍ വീട്ടുതടങ്കലില്‍ കഴിയുന്നുണ്ടെന്നും അതിനാല്‍ പുറംലോകവുമായി ആശയവിനിമയത്തിനുള്ള സാഹചര്യം വളരെ പരിമിതമാണെന്നും ഹുര്‍റിയത്ത് വ്യക്തമാക്കി. ജമ്മു കശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാണ്. മോശം സാഹചര്യങ്ങളിലൂടെ കടന്നു പോവുന്ന ജനതയോടൊപ്പം ഹൂര്‍റിയത്തും നിലയുറപ്പിക്കുന്നുവെന്നും സംഘടന അറിയിച്ചു.

മോചന ശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നാണ് ബോണ്ട്. ഹുറിയത്ത്, നാഷ്ണല്‍ കോണ്‍ഫറന്‍സ്, പിഡിപി നേതാക്കളടക്കം ഏഴു പേര്‍ ബോണ്ടില്‍ ഒപ്പിട്ടെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.മോചന ശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകില്ലെന്നാണ് ബോണ്ട്. ഇതോടെ രാഷ്ട്രീയ പ്രസംഗങ്ങള്‍ വരെ ഇവര്‍ക്ക് നടത്താനാകില്ല. ബോണ്ട് ലംഘിച്ചാല്‍ അറസ്റ്റ് അടക്കമുള്ള നടപടി നേരിടേണ്ടി വരുംതാല്‍ക്കാലിക ജയിലാക്കി മാറ്റിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെന്റോര്‍ ഹോട്ടലില്‍ തടവില്‍ കഴിയുന്നവരില്‍ 36 നേതാക്കള്‍ ബോണ്ടിന് തയ്യാറല്ലെന്ന് അറിയിച്ചിട്ടുണ്ട്.

സിവില്‍ സര്‍വീസില്‍ നിന്നും രാജി വച്ച ഷാ ഫൈസല്‍, പീപ്പിള്‍സ് കോണ്‍ഗ്രസ് നേതാവ് സജ്ജാദ് ലോണ്‍, പി.ഡി.പി നേതാവ് വാഹിദ് പാര അടക്കമുള്ളവര്‍ ഇതില്‍ പെടുന്നു. ആഗസ്റ്റില്‍ 3000ത്തോളം പേര്‍ തടവിലുണ്ടായിരുന്നതായും ഇതില്‍ മൂന്നില്‍ രണ്ട് പേരെ വിട്ടയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശേഷക്കുന്നവരില്‍ ഭൂരിഭാഗവും പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തവരാണ്. ആറോ എഴോ കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

Tags:    

Similar News