കൂട്ടപ്പലായനം; അരലക്ഷം യുക്രെയ്നികൾ രാജ്യം വിട്ടെന്ന് ഐക്യരാഷ്ട്രസഭ
യുക്രെയ്ൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ അവസാന പോരാട്ടം നടക്കുന്നതിനിടെ നിർണായക നീക്കമാണ് റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
കീവ്: റഷ്യൻ അധിനിവേശം തുടരുന്ന യുക്രെയ്നിൽ നിന്ന് സ്വദേശികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപോർട്ട്. അരലക്ഷത്തിലധികം യുക്രെയ്നികൾ 48 മണിക്കൂറിനിടെ രാജ്യം വിട്ടെന്നാണ് ഐക്യരാഷ്ട്രസഭ റിപോർട്ട് ചെയ്യുന്നത്.
ആക്രമണം രൂക്ഷമായ കീവ് അടക്കമുള്ള പ്രദേശങ്ങളിൽ നിന്നാണ് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുന്നത്. അതിനിടെ, കീവ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വെടിയൊച്ച കേട്ടെന്ന റിപോർട്ടുകൾ പുറത്തുവരുന്നുണ്ട്. തിരക്കേറിയ സമയത്താണ് വെടിയൊച്ച ഉയർന്നതെന്നാണ് റിപോർട്ട്. നാടുവിടാനെത്തിയവരുടെ വൻ തിരക്കാണ് റെയിൽവേ സ്റ്റേഷനിൽ അനുഭവപ്പെടുന്നത്.
യുക്രെയ്ൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ അവസാന പോരാട്ടം നടക്കുന്നതിനിടെ നിർണായക നീക്കമാണ് റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. യുക്രെയ്നിൽ പട്ടാള അട്ടിമറി നടത്താൻ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഒരു ടെലിവിഷൻ സന്ദേശത്തിലാണ് പുടിൻ പട്ടാള അട്ടിമറിക്ക് ആഹ്വാനം നൽകിയത്.
'സെലൻസ്‌കി സർക്കാരിൽ നിന്ന് അധികാരം പിടിച്ചെടുക്കാൻ യുക്രൈൻ സൈന്യത്തോട് ഞാൻ ആവശ്യപ്പെടുകയാണ്. യുക്രെയ്നിലെ സായുധ സേനയിലെ സൈനികരോട് ഞാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും മുതിർന്നവരെയും മനുഷ്യ കവചമായി ഉപയോഗിക്കാൻ യുക്രെയ്നിലെ നവനാസികളേയും തീവ്ര ദേശീയവാദികളേയും അനുവദിക്കരുത് '- പുടിൻ ആഹ്വാനം ചെയ്തു.
