കണ്ണൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവച്ചതായി പരാതി
ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയാണ് ആശുപത്രിയിൽ നിന്നും കുഞ്ഞിന് കുത്തിവെപ്പ് എടുക്കുന്നത്.
കണ്ണൂർ: രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവച്ചതായി പരാതി. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. പരാതിയിൽ ഡോക്ടർക്കെതിരേ പോലിസ് കേസെടുത്തതായി ദൃശ്യ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. ആശ്രയ ആശുപത്രിയിലെ ഡോ. സുധീറിനെതിരായാണ് പോലിസ് കേസെടുത്തിരിക്കുന്നത്. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് റിപോർട്ട്.
ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയാണ് ആശുപത്രിയിൽ നിന്നും കുഞ്ഞിന് കുത്തിവെപ്പ് എടുക്കുന്നത്. നാലായിരം രൂപയുടെ അഞ്ച് കുത്തിവെപ്പുകൾ ഒന്നിച്ച് എടുക്കുകയായിരുന്നുവെന്നാണ് മാധ്യമ റിപോർട്ട്. ആശുപത്രിയിൽ നിന്നും തിരികെ വീട്ടിൽ എത്തിയതിന് ശേഷം അമ്മ അതുല്യ ആശുപത്രി രേഖകൾ പരിശോധിച്ചപ്പോഴാണ് കുഞ്ഞിന് കുത്തിവച്ചത് കാലാവധി കഴിഞ്ഞ മരുന്നാണെന്ന് മനസ്സിലായത്.
ആശങ്കയിലായ മാതാപിതാക്കൾ പരാതിയുമായി ആശുപത്രിയിലെത്തിയെങ്കിലും ജീവനക്കാരിക്ക് പറ്റിയ അബദ്ധമാണെന്ന് പറഞ്ഞ് കാര്യമാക്കാതെ തിരിച്ചയക്കുകയായിരുന്നു. ഇതേത്തുടർന്ന് കുടുംബം മട്ടന്നൂർ പോലിസിൽ പരാതി നൽകുകയായിരുന്നു.
രണ്ടാഴ്ചയിൽ കൂടുതൽ കാലാവധി കഴിഞ്ഞ മരുന്നാണ് നൽകിയത് എന്നാണ് കുട്ടിയുടെ അമ്മ പറഞ്ഞത്. ആശുപത്രിയിൽ പരാതിയുമായി എത്തിയെങ്കിലും അവർ വിഷയത്തെ ആവശ്യത്തിന് ഗൗരവത്തോടെയല്ല സമീപിച്ചത് എന്നും ഉത്തരവാദിത്തമില്ലാത്ത പോലെയാണ് സംസാരിച്ചതെന്നും കുഞ്ഞിന്റെ അമ്മ അതുല്യ ആരോപിക്കുന്നു.
