ജറുസലേമിലെ ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള 51 കെട്ടിടങ്ങള്‍ ഇസ്രായേല്‍ പൊളിച്ചുനീക്കി

ജറുസലേം മുനിസിപ്പാലിറ്റിയുടെ ഭീഷണിയെതുടര്‍ന്ന് 27 കെട്ടിടങ്ങള്‍ അവയുടെ ഉടമസ്ഥര്‍ നശിപ്പിച്ചതായും മറ്റുള്ളവ മുനിസിപ്പാലിറ്റി നശിപ്പിച്ചതായും ജറുസലേമിലെ ഫലസ്തീനികള്‍ക്കെതിരായ ഇസ്രയേല്‍ നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്ന വാദി ഹില്‍വെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വ്യക്തമാക്കി.

Update: 2020-09-11 14:03 GMT

റാമല്ല: ജറുസലേം നഗരത്തിലെ ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള 51 കെട്ടിടങ്ങള്‍ ഇസ്രായേല്‍ പൊളിച്ചുനീക്കിയതായി വാദി ഹില്‍വെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചു. ജറുസലേം മുനിസിപ്പാലിറ്റിയുടെ ഭീഷണിയെതുടര്‍ന്ന് 27 കെട്ടിടങ്ങള്‍ അവയുടെ ഉടമസ്ഥര്‍ നശിപ്പിച്ചതായും മറ്റുള്ളവ മുനിസിപ്പാലിറ്റി നശിപ്പിച്ചതായും ജറുസലേമിലെ ഫലസ്തീനികള്‍ക്കെതിരായ ഇസ്രയേല്‍ നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്ന വാദി ഹില്‍വെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വ്യക്തമാക്കി.

സില്‍വാന്‍, ജെബല്‍ അല്‍മുക്കാബര്‍ മേഖലകളിലാണ് ഫലസ്തീനി ഉമടസ്ഥതയിലുള്ള കെട്ടിടങ്ങള്‍ അധിനിവേശ സൈന്യത്തിന്റെ സഹായത്തോടെ ഇസ്രായേല്‍ പൊളിച്ചുനീക്കിയത്. പ്ലാനിങ് അനുമതി നേടാന്‍ കഴിയാത്തവിധം നിര്‍മ്മിച്ചതാണെന്ന് ആരോപിച്ച് അടുത്തിടെ, ഫലസ്തീന്‍ ഭവനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ ഇസ്രായേല്‍ പൊളിച്ചുനീക്കല്‍ നയം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഈ പ്രദേശങ്ങളില്‍ അനധികൃത ജൂത കുടിയേറ്റങ്ങള്‍ വ്യാപിപ്പിക്കുന്നത് തുടരുകയാണ്.

പലസ്തീന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് യുഎന്‍ വ്യാപാരവികസന കോണ്‍ഫറന്‍സ് (യുഎന്‍സിടിഡി) പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി നിര്‍മിച്ച 150 കുടിയേറ്റകേന്ദ്രങ്ങളും 128 കുടിയേറ്റക്കാരുടെ ഔട്ട് പോസ്റ്റുകളും വെസ്റ്റ് ബാങ്കില്‍ 2018 അവസാനത്തോടെ ഉണ്ടായിരുന്നതായി വ്യക്തമാക്കുന്നു.

മാനുഷിക സഹായത്തിനായി നിയോഗിക്കപ്പെട്ട 127 കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 2019ല്‍ വെസ്റ്റ് ബാങ്കിലെ 622 ഫലസ്തീന്‍ കെട്ടിടങ്ങള്‍ ഇസ്രായേല്‍ പൊളിച്ചുമാറ്റുകയോ പിടിച്ചെടുക്കുകയോ ചെയ്തതായും യുഎന്‍സിടിഡി സെക്രട്ടറി ജനറല്‍ മുഖിസ കിറ്റുയി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. '2019ലും 2020ന്റെ തുടക്കത്തിലും അധിനിവേശ സൈന്യം അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെങ്കിലും കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മിക്കുന്നതിന് വേഗതകൂട്ടിയതായും റിപോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News