ഔറംഗബാദിന്റെ പേര് സാംഭാജി നഗറെന്ന് മാറ്റണം: മഹാരാഷ്ട്ര ബിജെപി നേതാവ്

Update: 2020-03-01 01:10 GMT

ഔറംഗബാദ്: എല്ലാ സാങ്കേതിക തടസ്സങ്ങളും നീക്കി ഔറംഗബാദ് നഗരത്തിന്റെ പേര് സാംഭാജി നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 20നു നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഞങ്ങള്‍ ഛത്രപതി ശിവജി മഹാരാജിന്റെയും അദ്ദേഹത്തിന്റെ മകന്‍ സാംഭാജി മഹാരാജിന്റെയും പിന്‍ഗാമികളാണ്, ഔറംഗസീബിന്റേതല്ല. അതിനാല്‍, എല്ലാ സാങ്കേതിക പ്രശ്‌നങ്ങളും പരിഹരിച്ച് ഔറംഗബാദിനെ സാംഭാജിനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യണം.

    പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഔറംഗബാദിനെ സാംഭാജിനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ശിവസേനയാണ്. 1995 ജൂണില്‍ ഔറംഗബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ(എഎംസി) ജനറല്‍ ബോഡി യോഗത്തില്‍ ഇത് സംബന്ധിച്ച ഒരു നിര്‍ദേശം പാസാക്കിയിരുന്നു. ഇത് ഹൈക്കോടതിയിലും പിന്നീട് സുപ്രിം കോടതിയിലും കോണ്‍ഗ്രസ് കോര്‍പറേറ്റര്‍ എതിര്‍ക്കുകയായിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് മഹാ വികാസ് അഘാഡി സര്‍ക്കാരിനെ പാട്ടീല്‍ വിമര്‍ശിച്ചു. 'ദിവസം തോറും ക്രമസമാധാന നില വഷളാവുകയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ തലവനാകാന്‍ ആരും ആഗ്രഹിച്ചില്ല. ഒടുവില്‍ എന്‍സിപിയുടെ അനില്‍ ദേശ്മുഖിനു നല്‍കി. ആഭ്യന്തര മന്ത്രാലയം ഏറ്റെടുക്കണമെന്ന് ഞങ്ങള്‍ ഉദ്ദവ് താക്കറെയോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹം ശ്രദ്ധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.




Tags: