വിജയ രാഘവനെതിരേ രമ്യ ഹരിദാസ് പരാതി നല്‍കി

ആലത്തൂര്‍ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് പരാതി നല്‍കിയത്. അധിക്ഷേപിക്കുന്ന പരാമര്‍ശം അതിര് വിട്ടെന്നും ഇനി ആര്‍ക്കും ഈയൊരു അവസ്ഥ ഉണ്ടാകരുതെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു.

Update: 2019-04-02 10:39 GMT

ആലത്തൂര്‍: തനിക്കെതിരേ മോശം പരാമര്‍ശം നടത്തിയ ഇടതു മുന്നണി കണ്‍വീനറും സിപിഎം നേതാവുമായ എ വിജയരാഘവനെതിരേ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് പരാതി നല്‍കി. ആലത്തൂര്‍ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് പരാതി നല്‍കിയത്. അധിക്ഷേപിക്കുന്ന പരാമര്‍ശം അതിര് വിട്ടെന്നും ഇനി ആര്‍ക്കും ഈയൊരു അവസ്ഥ ഉണ്ടാകരുതെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു.

തനിക്കും അച്ഛനും അമ്മയും കുടുംബവുമുണ്ടെന്ന് ഓര്‍ക്കണം. നവോത്ഥാനം സംസാരിക്കുന്ന സര്‍ക്കാരില്‍ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല. സ്ത്രീ സുരക്ഷയയെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രിയും നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതിലൊക്കെ നടത്തിയ സര്‍ക്കാരുമാണ് ഉള്ളത്. അവരാണ് ദളിത് വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിക്കെതിരെ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഇത് വളരെ ഖേദകരമാണും രമ്യ നേരത്തേ വ്യക്തമാക്കിയിരുന്നു.

വ്യക്തിപരമായി അധിക്ഷേപിച്ചില്ലെന്നും പ്രസംഗം വളച്ചൊടിച്ചതാണെന്നും ഇന്ന് എ വിജയരാഘവന്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഇത് പെട്ടെന്ന് പറഞ്ഞ് പോയതല്ലെന്നും ആസൂത്രിത പ്രസംഗം ആയിരുന്നു എന്നുമാണ് രമ്യയുടെ ആരോപണം. നവോത്ഥാനം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും നവോത്ഥാനത്തിനും വനിതാ മതിലിനും എല്ലാം വേണ്ടി നിലകൊള്ളുന്ന മുന്നണിയുമൊക്കെ ഉണ്ടായിട്ടാണ് ഈ ഒരു അവസ്ഥ ഉണ്ടായതെന്നും രമ്യ ഹരിദാസ് കുറ്റപ്പെടുത്തി. തെറ്റ് തെറ്റുതന്നെയാണെന്ന് പറയാന്‍ മുഖ്യമന്ത്രി പോലും തയ്യാറായില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.

എ വിജയരാഘവനെ ന്യായീകരിച്ച ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥി പികെ ബിജുവിന്റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു എന്നും രമ്യ ഹരിദാസ് പറഞ്ഞു. ആരായാലും എതിര്‍ സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വം അംഗീകരിക്കാന്‍ കഴിയാത്തത് ഖേദകരമാണ്. ഇക്കാര്യം ആലത്തൂരിലെ ജനം വിലയിരുത്തണെമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

വിജയ രാഘവനെതിരേ സര്‍ക്കാര്‍ കേസെടുക്കാന്‍ തയ്യാറാവണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു

Tags: