യേശു പ്രതിമ നീക്കംചെയ്തത് അപമാനകരമെന്ന് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ്

ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതും യേശുക്രിസ്തു പ്രതിമകള്‍ പോലിസ് സഹായത്തോടെ നീക്കം ചെയ്തതും സ്വാഗതാര്‍ഹമാണെന്ന് ഹിന്ദു ജാഗരണ്‍ വേദികെ സ്‌റ്റേറ്റ് സെക്രട്ടറി കേശവ്മുര്‍ത്തി പറഞ്ഞു

Update: 2020-03-10 02:33 GMT

ബെംഗളൂരു: കര്‍ണാടകയിലെ ദേവനഹള്ളി താലൂക്കില്‍ യേശുക്രിസ്തുവിന്റെ പ്രതിമ നീക്കം ചെയ്തത് ക്രിസ്ത്യന്‍ സമൂഹത്തെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്തതായി ബെംഗളൂരു അതിരൂപത ആര്‍ച്ച് ബിഷപ്പ് റവ. പീറ്റര്‍ മക്കാഡോ. ക്രിസ്ത്യന്‍ സമൂഹത്തിന് സംഭവത്തില്‍ വളരെയധികം വേദനയുണ്ട്. ഒരു സിമന്റ് കഷണം പോലെയാണ് അവര്‍ യേശുപ്രതിമയെ പിഴുതുമാറ്റിയത്. പ്രതിമ തിരികെ നല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഈസ്റ്ററിന് മുമ്പ് ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്തത് ഏറെ വേദനിപ്പിക്കുന്നതാണ്. മുഖ്യമന്ത്രി മാന്യനാണ്. സമീപകാല ബജറ്റില്‍ അദ്ദേഹം ഞങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചു. പക്ഷേ, അദ്ദേഹം തന്റെ ചുറ്റിലുമുള്ളവരെ നിയന്ത്രിക്കണം. 2008ല്‍ അദ്ദേഹം അധികാരത്തിലുള്ളപ്പോള്‍ ഞങ്ങളുടെ പള്ളികള്‍ ആക്രമിക്കപ്പെട്ടു. ഇപ്പോള്‍ ഞങ്ങളുടെ പ്രതിമകളാണ് ആക്രമിക്കപ്പെടുന്നത്. ആള്‍ക്കൂട്ടം പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിലയിലേക്ക് ഞങ്ങള്‍ മാറുകയാണോ. ഞങ്ങളെ സഹായിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

    അതേസമയം, പ്രതിമ നീക്കം ചെയ്തതിനു പിന്നില്‍ വിവേചനമില്ലെന്നാണ് ഇതിനു മേല്‍നോട്ടം വഹിച്ച തഹസില്‍ദാര്‍ എസ് അജിത് കുമാര്‍ റായിയുടെ അഭിപ്രായം. 'പ്രസ്തുത ഭൂമി ഒരു ശ്മശാന സ്ഥലത്തിനായി അനുവദിച്ചു. ഏതെങ്കിലും പ്രത്യേക സമുദായത്തിന് വേണ്ടിയല്ല. ക്രിസ്ത്യാനികള്‍ക്കോ ഏതെങ്കിലും സമുദായത്തിനോ അല്ല നല്‍കിയത്. അവിടെ നിരവധി പ്രശ്‌നങ്ങളുണ്ട്. പ്രതിമ സ്ഥാപിക്കുന്നത് ചാനലുകളിലും പത്രങ്ങളിലും വലിയ പ്രശ്‌നമായി മാറി. ക്രിസ്ത്യന്‍ ശ്മശാനത്തിനായാണ് ഇത് അനുവദിച്ചതെന്ന വാദം തെറ്റാണ്. ഞങ്ങള്‍ ക്ഷേത്രങ്ങളും നീക്കം ചെയ്തിട്ടുണ്ട്. ആഞ്ജനേയ ക്ഷേത്രങ്ങള്‍ നീക്കം ചെയ്തു. കൂടുതല്‍ ക്ഷേത്രങ്ങളും നീക്കംചെയ്യാന്‍ പദ്ധതിയുണ്ടെന്നും തഹസില്‍ദാര്‍ പറഞ്ഞു. അതേസമയം, ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതും യേശുക്രിസ്തു പ്രതിമകള്‍ പോലിസ് സഹായത്തോടെ നീക്കം ചെയ്തതും സ്വാഗതാര്‍ഹമാണെന്ന് ഹിന്ദു ജാഗരണ്‍ വേദികെ സ്‌റ്റേറ്റ് സെക്രട്ടറി കേശവ്മുര്‍ത്തി പറഞ്ഞു. 10 ദിവസം മുമ്പ് ഹിന്ദു ജാഗരണ്‍ വേദികെ നടത്തിയ പ്രസ്താവനയാണ് പ്രതിമ നീക്കം ചെയ്യാന്‍ കാരണം. പോലിസും ഉദ്യോഗസ്ഥരും അത് ചെയ്തില്ലെങ്കില്‍ മാര്‍ച്ച് 28 മുതല്‍ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവത്തില്‍ ഹിന്ദു ജാഗരണ്‍ വേദികെ പൊതു താല്‍പര്യ ഹരജി നല്‍കുകയും ചെയ്തിരുന്നു.


Removal Of Jesus Statue An Act Of Desecration: Bengaluru Archbishop




Tags:    

Similar News