റിലയന്‍സ് റീട്ടെയ്ല്‍ എഫ്എംസിജി ബിസിനസിലേക്ക് പ്രവേശിക്കുമ്പോള്‍

റിലയന്‍സ് റീട്ടെയിലിന്റെ ഈ മേഖലയിലേക്കുള്ള കടന്നുവരവ് കമ്പോളത്തില്‍ വന്‍ മല്‍സരമാവും സൃഷ്ടിക്കുകയെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Update: 2022-08-29 19:05 GMT
രാജ്യത്തെ മുന്‍നിര കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയില്‍ വിഭാഗമായ റിലയന്‍സ് റീട്ടെയില്‍ ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) ബിസിനസിലേക്ക് കടക്കാന്‍ ഒരുങ്ങുന്നുവെന്നാണ് ഇന്ന് നടന്ന 45ാമത് വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനിയുടെ ഡയറക്ടര്‍ ഇഷ അംബാനി പ്രഖ്യാപിച്ചിരിക്കുന്നത്. റിലയന്‍സ് റീട്ടെയിലിന്റെ ഈ മേഖലയിലേക്കുള്ള കടന്നുവരവ് കമ്പോളത്തില്‍ വന്‍ മല്‍സരമാവും സൃഷ്ടിക്കുകയെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്‌ലെ, ബ്രിട്ടാനിയ തുടങ്ങിയ എഫ്എംസിജി ഭീമന്മാരുമായി നേരിട്ട് ഏറ്റുമുട്ടാന്‍ റിലയന്‍സ് റീട്ടെയില്‍ ഒരുങ്ങുമ്പോള്‍ തീര്‍ച്ചായും അക്കാര്യം കമ്പോളത്തില്‍ പ്രതിഫലിക്കുമെന്ന് തന്നെയാണ് റിപോര്‍ട്ടുകള്‍.


'ഈ വര്‍ഷം തങ്ങള്‍ ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സ് ബിസിനസ്സ് ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്നതില്‍ താന്‍ ആവേശഭരിതയാണ്. ഓരോ ഇന്ത്യക്കാരന്റെയും ദൈനംദിന ആവശ്യങ്ങള്‍ പരിഹരിക്കുന്ന ഉയര്‍ന്ന നിലവാരമുള്ളതും താങ്ങാനാവുന്ന വിലയിലുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക എന്നതാണ് ഈ ബിസിനസ്സിന്റെ ലക്ഷ്യം'-ഇഷ അംബാനി പറഞ്ഞു. ഇതുകൂടാതെ, ഇന്ത്യയിലുടനീളമുള്ള ഗോത്രവര്‍ഗക്കാരും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളും ഉല്‍പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള സാധനങ്ങള്‍ ഉടന്‍ വിപണനം ചെയ്യാന്‍ കമ്പനി ആരംഭിക്കുമെന്നും അവര്‍ അറിയിച്ചു.


കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 2,500 സ്‌റ്റോറുകളാണ് റിലയന്‍സ് റീറ്റെയ്ല്‍ ആരംഭിച്ചത്. ഇതോടെ ആകെ സ്‌റ്റോറുകളുടെ എണ്ണം 15,000 കടന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 7,500 നഗരങ്ങളിലും 300,000 ഗ്രാമങ്ങളിലും സേവനം നല്‍കാനാണ് റിലയന്‍സ് റീട്ടെയില്‍ ലക്ഷ്യമിടുന്നത്.


ജിയോമാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍.ഇന്‍ എന്നീ പ്ലാറ്റ്‌ഫോമുകള്‍ വഴി 93 ശതമാനം ഓര്‍ഡറുകളും ആറുമണിക്കൂറിനുള്ളില്‍ വിതരണം ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും റിലയന്‍സ് റീട്ടെയ്‌ലിന്റെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും ജിയോമാര്‍ട്ട് വഴി ചെറുകിട കച്ചവടക്കാര്‍ക്ക് ലഭ്യമാകുന്നുണ്ടെന്നും ഇഷാ അംബാനി അറിയിച്ചു. നിലവില്‍ 260 നഗരങ്ങളില്‍ ജിയോ മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാണ്. 2 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് വിറ്റുവരവ് റിലയന്‍സ് റീറ്റെയ്ല്‍ നേടിയതായും ഏഷ്യയിലെ ടോപ് 10 റീട്ടെയില്‍ സ്ഥാപനങ്ങളില്‍ ഒന്നായി റിലയന്‍സ് മാറിയിട്ടുണ്ട്.

















Tags:    

Similar News