കൊവിഡ് നിയന്ത്രണത്തില്‍ ഇളവ്; കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി 24 മണിക്കൂറും യാത്രാനുമതി

Update: 2020-10-29 15:09 GMT

കണ്ണൂര്‍: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭാഗികമായി അടച്ചിട്ട കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി നിബന്ധനകള്‍ക്കു വിധേയമായി തുറക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. രാത്രി സമയങ്ങളില്‍ ചെക്ക് പോസ്റ്റിലെത്തുന്നവര്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് നടപടി. ഇതുപ്രകാരം കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി 24 മണിക്കൂറും യാത്രാ-ചരക്ക് വാഹനങ്ങള്‍ കടത്തിവിടാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

    രാവിലെ ഏഴിനും വൈകീട്ട് ആറിനും ഇടയില്‍ ചെക്ക് പോസ്റ്റിലെത്തുന്നവരെ കൊവിഡ് പരിശോധനയുടെ ഭാഗമായി ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കും. ഇതിന് ആരോഗ്യ വകുപ്പ് പ്രത്യേക സംവിധാനമൊരുക്കും. വൈകീട്ട് ആറിനും പിറ്റേന്ന് രാവിലെ ഏഴിനുമിടയില്‍ എത്തുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ ലഭിച്ച അംഗീകൃത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ചെക്ക്‌പോസ്റ്റില്‍ ഹാജരാക്കണം. സംസ്ഥാനത്തെത്തുന്ന യാത്രക്കാരും ട്രക്ക് ജീവനക്കാരും ആരോഗ്യ വകുപ്പിന്റെ എല്ലാ നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.

    അതിനിടെ, ഓപ്പണ്‍ ഗ്രൗണ്ടുകളിലെ കളികള്‍ക്ക് ജില്ലയില്‍ നിലനില്‍ക്കുന്ന വിലക്ക് ടര്‍ഫ് കോര്‍ട്ടുകള്‍ക്കും ബാധകമാണെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ജില്ലയുടെ ചില ഭാഗങ്ങളില്‍ ടര്‍ഫ് കോര്‍ട്ടുകളില്‍ ഫുട്‌ബോള്‍ കളികള്‍ നടക്കുന്നതായി റിപോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. ജില്ലയില്‍ 144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നാണ് നിയമം. ഇതിന്റെ അടിസ്ഥാനത്തില്‍ ടര്‍ഫ് കോര്‍ട്ടിലെ കളികള്‍ക്കും വിലക്ക് ബാധകമാണെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

    കൊവിഡ് പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താന്‍ നിയുക്തരായ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ജില്ലയില്‍ ഇതുവരെ ചാര്‍ജ് ചെയ്തത് 27707 കേസുകളാണ്. ഇതില്‍ 20,104 കേസുകളും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേയാണ്. സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ 4743ഉം സാമൂഹിക അകലം നടപ്പാക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ 1110ഉം കേസുകളെടുത്തു. നിരോധനാജ്ഞ ലംഘിച്ച് പൊതു സ്ഥലങ്ങളില്‍ നിയമവിരുദ്ധമായി കൂട്ടംകൂടിയവര്‍ക്കെതിരേ 688 കേസുകളാണ് ഇതിനകം ചാര്‍ജ് ചെയ്തത്.




Tags:    

Similar News