കേന്ദ്രം അനുമതി നിഷേധിച്ച ഫ്ലോട്ട്, ചെന്നൈയിലെ റിപബ്ലിക്ക് പരേഡിൽ പ്രദർശിപ്പിച്ച് തമിഴ്നാട് സർക്കാർ

കേരളത്തിൽ നിന്നുള്ള ശ്രീ നാരായണ ​ഗുരുവിന്റെ ഫ്ലോട്ടിനും കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നു

Update: 2022-01-26 12:12 GMT

ചെന്നൈ: ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശാനുമതി നിഷേധിച്ച ഫ്ലോട്ട് തമിഴ്നാട് ചെന്നൈയിലെ റിപ്പബ്ലിക് പരേഡിൽ പ്രദർശിപ്പിച്ചു. സ്വാതന്ത്യ സമര സേനാനികളായ വി ഒ ചിദംബരം പിള്ള, റാണിവേലു നാച്യാർ, വീര പാണ്ഡ്യ കട്ടബൊമ്മൻ, മരുതുപാണ്ഡ്യാർ സഹോദരങ്ങൾ, മഹാകവി സുബ്രഹ്മണ്യഭാരതി തുടങ്ങിയവരുടെ രൂപങ്ങളാണ് ഫ്ലോട്ടിൽ ഉൾപ്പെടുത്തിയത്. ഇത് കൂടാതെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തമിഴ്നാട് എന്ന വിഷയത്തെ അധികരിച്ച് മറ്റ്മൂന്ന് ഫ്ലോട്ടുകൾ കൂടി റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ചു.

തമിഴ്നാട്ടിലെ മറ്റ് നഗരങ്ങളിലും വരും ദിവസങ്ങളിൽ ഈ നിശ്ചലദൃശ്യങ്ങൾ പ്രദർശിപ്പിക്കാനാണ് സ്റ്റാലിൻ സർക്കാരിന്‍റെ തീരുമാനം. ചെന്നൈയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ ആർ എൻ രവിയും മുഖ്യമന്ത്രി എം കെ സ്റ്റാലിനുമടക്കം പ്രമുഖർ പങ്കെടുത്തു. കൊവിഡ് വ്യാപനം കാരണം പൊതുജനങ്ങൾക്ക് പരേഡ്ഗ്രൗണ്ടിൽ പ്രവേശനം ഇല്ലായിരുന്നു. ഏഴായിരത്തോളം പോലിസുകാരെയാണ് റിപ്പബ്ലിക് ദിന സുരക്ഷക്കായി ചെന്നൈയിൽ വിന്ന്യസിച്ചിരുന്നത്.

അതേസമയം കേരളത്തിൽ നിന്നുള്ള ശ്രീ നാരായണ ​ഗുരുവിന്റെ ഫ്ലോട്ടിനും കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ കേരളത്തിൽ നടന്ന റിപ്പബ്ലിക്ക് പരേഡിൽ ഇത് പ്രദർശിപ്പിക്കാൻ കേരള സർക്കാർ തയ്യാറായില്ല. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയർന്നത്.