ബാണാസുര ഡാമില്‍ റെഡ് അലേര്‍ട്ട്; കക്കയത്തേക്ക് അധിക ജലം തുറന്നു വിട്ടു

Update: 2025-06-19 15:26 GMT

മാനന്തവാടി: വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവല്‍ 767.00 മീറ്ററില്‍ എത്തിയതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും അണക്കെട്ടിലെ ജലം 25 ശതമാനം ടണല്‍ മുഖേന കക്കയം ഡാമിലേക്ക് ഒഴുക്കി വിടുന്നതായും അധികൃതര്‍ അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ മണിമലയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. തൃശൂര്‍ കരുവന്നൂരില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. ഈ നദികളില്‍ യാതൊരു കാരണവശാലും ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും സംസ്ഥാന ജലസേചന വകുപ്പിന്റെ നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.11 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.





Tags: