ഡല്‍ഹിയില്‍ റെക്കോര്‍ഡ് മഴ; റോഡുകള്‍ വെള്ളത്തിലായി, ഗതാഗതം സ്തംഭിച്ചു
വരുന്ന 24 മണിക്കൂറില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനത്തതോടെ യമുനാ നദിയിലെ ജലനിരപ്പും ഉയര്‍ന്നു.
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് റെക്കോര്‍ഡ് മഴ രേഖപ്പെടുത്തി. കനത്ത മഴയില്‍ പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി. ഇതെത്തുടര്‍ന്ന് പലയിടത്തും വാഹന ഗതാഗതം താറുമാറായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നഗരത്തില്‍ 112.1 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി. ഇത് കുറഞ്ഞത് 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതാണെന്ന് ഐഎംഡി അധികൃതര്‍ പറഞ്ഞു. 2009ന് ശേഷം ഒറ്റ ദിവസം പെയ്യുന്ന ശക്തമായ മഴയാണിത്. അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 2010 ല്‍ തലസ്ഥാനത്ത് സപ്തംബര്‍ 20ന് 110 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നു. രാവിലെ മുതല്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായിരിക്കുകയാണ്.
Delhi: Waterlogging reported in Munirka following rainfall today morning
— ANI (@ANI) September 1, 2021
India Meteorological Department (IMD) has issued orange alert for the national capital and predicted 'moderate rain/thundershowers with the possibility of heavy rain at isolated places' today pic.twitter.com/0UqBUwao7f
വരുന്ന 24 മണിക്കൂറില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കനത്തതോടെ യമുനാ നദിയിലെ ജലനിരപ്പും ഉയര്‍ന്നു. ഇതെത്തുടര്‍ന്ന് തീരവാസികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ രാവിലെ മുതല്‍ ഡല്‍ഹിയില്‍ ശക്തമായ മഴ തുടരുന്നുണ്ട്. നേരത്തെ ഡല്‍ഹി- എന്‍സിആറിന്റെ ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ ഡല്‍ഹി, എന്‍സിആര്‍ ഗുരുഗ്രാം, മനേസര്‍, ഫരീദാബാദ്, ബല്ലഭ്ഗഡ്, തോഷാം, ഭിവാനി, വമജ്ജര്‍, നര്‍നൗല്‍, മഹേന്ദ്രഗഡ്, കോസാലി എന്നിവിടങ്ങളില്‍ മിതമായതോ അതിശക്തമായതോ ആയ ഇടിമിന്നലോടുകൂടിയ മഴയുണ്ടാവുമെന്ന് ഐഎംഡി ട്വീറ്റ് ചെയ്തു.
ലജ്പത് നഗര്‍ മെട്രോ സ്റ്റേഷന്‍, ലാലാ ലജ്പത് റായ് മാര്‍ഗ്, എയിംസ് ഫ്‌ളൈ ഓവറിന് സമീപം ഔര്‍വിന്ദോ മാര്‍ഗ്, ജംഗ്പുര മെട്രോ സ്‌റ്റേഷന്‍, എയിംസ് മുതല്‍ മൂല്‍ചന്ദ്, റിങ് റോഡ്, മൂസാദ് റെഡ് ലൈറ്റ്, ആസാദ് മാര്‍ക്കറ്റ് സബ്വേ, പ്രതാപ് നഗര്‍ ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതായും ഗതാഗതക്കുരുക്കുണ്ടാവുന്നതായും ഡല്‍ഹി ട്രാഫിക് പോലിസ് അറിയിച്ചു. കൂടാതെ വെള്ളക്കെട്ട് കാരണം സഖിറ അണ്ടര്‍പാസും അടച്ചതായി ഡല്‍ഹി ട്രാഫിക് പോലിസ് അറിയിച്ചു. സപ്തംബര്‍ 1 മുതല്‍ സപ്തംബര്‍ 4 വരെ രാജ്യതലസ്ഥാനത്ത് ശക്തമായ മഴ പ്രവചനമുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഡല്‍ഹിയിലും രാജസ്ഥാനിലും കനത്തമഴ തുടരുന്നുണ്ട്.
ഡല്‍ഹി- ആഗ്ര റെയില്‍ പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. 15 സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. അറ്റുകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഗതാഗതം പൂര്‍വസ്ഥിതിയിലാക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ കിഷന്‍ഗഞ്ചില്‍ ഇടിമിന്നലേക്ക് രണ്ടുപേര്‍മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലും കനത്ത മഴതുടരുകയാണ്. പല നദികളും കരകവിഞ്ഞൊഴുകുകയാണ്. നദീതീരങ്ങളില്‍ താമസിക്കുന്ന നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴ രണ്ടുദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

