ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു; രാജ്യത്ത് ആകെ 341 രോഗികള്‍

Update: 2021-12-24 01:42 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ പ്രതിദിനം വര്‍ധിക്കുന്നു. ഇതുവരെ 341 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 84 പുതിയ ഒമിക്രോണ്‍ കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇത് റെക്കോര്‍ഡ് വര്‍ധനയാണ്. ചൊവ്വാഴ്ച പ്രതിദിന കേസുകള്‍ 44 ആയിരുന്നു. 33 പുതിയ ഒമൈക്രോണ്‍ കേസുകളുമായി തമിഴ്‌നാട്ടില്‍ വ്യാഴാഴ്ച ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസ് രേഖപ്പെടുത്തി. തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ 23 കേസുകളും കര്‍ണാടകത്തില്‍ 12 അണുബാധകളും റിപോര്‍ട്ട് ചെയ്തു.

ഡല്‍ഹിയിലും ഗുജറാത്തിലും ഏഴ് കേസുകള്‍ വീതവും ഒഡീഷയില്‍ രണ്ട് കേസുകളും റിപോര്‍ട്ട് ചെയ്തു. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടിവരികയാണ്. തമിഴ്‌നാട്ടില്‍ 34 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.

കൂടുതല്‍ പരിശോധനകളും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കലും നടക്കുകയാണെന്ന് ആരോഗ്യമന്ത്രി എം മു സുബ്രഹ്മണ്യന്‍ അറിയിച്ചു. സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. കര്‍ണാടകയില്‍ 12 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ കൊവിഡ് വകഭേദം കണ്ടെത്തിയവരുടെ എണ്ണം 31 ആയി. തെലങ്കാനയില്‍ 14 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.

രോഗികളുടെ എണ്ണം 38 ആയി. കേരളത്തില്‍ 29 പേരാണ് രോഗ ബാധിതരായുള്ളത്. ഒമിക്രോണ്‍ കേസുകളുടെ എണ്ണം രാജ്യത്തെമ്പാടും ഉയരുകയാണ്. രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 341 ആയി ഉയര്‍ന്നു. കൂടുതല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു. താഴേത്തട്ട് മുതലുള്ള ആരോഗ്യസംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അദ്ദേഹം നിര്‍ദേശിച്ചു.

Tags: