പെരുന്നാള്‍ ദിനത്തില്‍ പി സി ജോര്‍ജ്ജിന് സ്വീകരണം; കലാപ നീക്കവുമായി തീവ്ര ക്രിസ്ത്യന്‍ സംഘടന
മത വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ പോലിസ് അന്വേഷണം നേരിടുന്ന കാസ എന്ന സംഘടനയാണ് നാളെ വൈകീട്ട് അഞ്ചിന് കോട്ടയം നഗരത്തില്‍ പി സി ജോര്‍ജ്ജിന് സ്വീകരണമൊരുക്കുന്നത്.
പി സി അബ്ദുല്ല
കോട്ടയം: മുസ്‌ലിം സമുദായത്തെ ഹീനമായി അധിക്ഷേപിച്ച പി സി ജോര്‍ജ്ജിന് പെരുന്നാള്‍ ദിനത്തില്‍ സ്വീകരണമൊരുക്കി കലാപ നീക്കവുമായി തീവ്ര ക്രിസ്ത്യന്‍ സംഘടനയുടെ നീക്കം. മത വിദ്വേഷ പ്രചാരണത്തിന്റെ പേരില്‍ പോലിസ് അന്വേഷണം നേരിടുന്ന കാസ എന്ന സംഘടനയാണ് നാളെ വൈകീട്ട് അഞ്ചിന് കോട്ടയം നഗരത്തില്‍ പി സി ജോര്‍ജ്ജിന് സ്വീകരണമൊരുക്കുന്നത്.
കടുത്ത ഉപാധികളോടെ കോടതി ജാമ്യമനുവദിച്ച ജോര്‍ജ്ജിനെ പൊതു വേദിയിലെത്തിച്ച് വീണ്ടും പ്രകോപനവും സംഘര്‍ഷവുമുണ്ടാക്കാനാണു ശ്രമം. ഈദുല്‍ ഫിത്വര്‍ ദിനം തന്നെ ഇതിനായി തിരഞ്ഞെടുത്തതും ഗൂഡാലോചനയുടെ ഭാഗമാണ്. റമദാന്‍ ആദ്യ ദിനത്തില്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന ഹൃസ്വ ചിത്രം പുറത്തിറക്കാന്‍ കാസ പദ്ധതിയിട്ടിരുന്നു. സംഭവം വാര്‍ത്തയായതോടെ പരിപാടി മാറ്റി വച്ചു. അതേ ഗൂഡാലോചനയുടെ തുടര്‍ച്ചയാണ് പെരുന്നാള്‍ ദിനത്തിലെ ജോര്‍ജ്ജിന്റെ സ്വീകരണം.
ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) എന്ന തീവ്ര ക്രിസ്ത്യന്‍ സംഘടന മത സ്പര്‍ദ്ധയും മുസ്‌ലിംകള്‍ക്കെതിരേ കലാപവും ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന പരാതിയില്‍ പോലിസ് അന്വേഷണം നടന്നു വരികയാണ്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരേ കടുത്ത വിദ്വേഷ പ്രചാരണങ്ങളുമായി മുന്നേറുന്ന സംഘടനക്കെതിരെ നിരവധി പരാതികളാണ് പോലിസിനു ലഭിച്ചിട്ടുള്ളത്. ക്രിസ്ത്യന്‍ യുവാക്കളെ ഭീകരവാദത്തിലേക്കു ക്ഷണിച്ച് 'കാസ' ഹൃസ്വ ചിത്രം പുറത്തിറക്കിയിട്ടും പോലിസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല.
ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴിയും പൊതു പരിപാടികളിലൂടെയുമാണ് 'കാസ' യുടെ വിദ്വേഷ പ്രചരണം. എന്തെങ്കിലും പ്രകോപനമോ കാരണമോ ഇല്ലാതെ തന്നെ ഇസ്‌ലാമിനെ അധിക്ഷേപിക്കുകയും മുസ്‌ലിംകള്‍ക്കെതിരേ തീവ്ര വിദ്വേഷം പരത്തുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ഈ ക്രിസ്ത്യന്‍ തീവ്രവാദ സംഘടന നടത്തുന്നത്. 20007ല്‍ സദ്ധാം ഹുസൈനെ തൂക്കിലേറ്റിയതിനെ തുടര്‍ന്നു കേരളത്തില്‍ നടന്ന ഹര്‍ത്താലിന്റെ ഭാഗമായി കൊച്ചിന്‍ കാര്‍ണിവല്‍ മുടങ്ങിയിരുന്നു.
ഇസ്‌ലാമിസ്റ്റുകളാണ് കൊച്ചിന്‍ കാര്‍ണിവല്‍ മുടക്കിയതെന്നാരോപിച്ച് സംഘപരിവാരവും ക്രിസ്ത്യന്‍ സംഘടനകളും പ്രചാരണമാരംഭിച്ചു. അന്ന് രൂപീകരിച്ച പൈതൃക സംരക്ഷണ സമിതിയാണ് പിന്നീട് ആര്‍എസ്എസ്സുമായി അടുത്ത ബന്ധമുള്ള കെവിന്‍ പീറ്ററുടെ നേതൃത്വത്തില്‍ 'കാസ' എന്ന തീവ്രവാദ സംഘടനയായി മാറിയത്. ഹിന്ദു ഹെല്‍പ് ലൈന്‍ തുടങ്ങിയ തീവ്ര ഹിന്ദുത്വ, മുസ്‌ലിം വിരുദ്ധ പ്രചാരണ സംവിധാനങ്ങളുടെ ബി ടീമായി ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ രൂപീകരിക്കാന്‍ മുന്‍കൈ എടുത്ത പ്രതീഷ് വിശ്വനാഥന്‍ അടക്കമുള്ളവരാണ് 'കാസ'യുടെയും അണിയറയിലുള്ളത്. 16 ഓളം ക്രൈസ്തവ സഭകള്‍ക്കു പുറമെ തീവ്ര ഹിന്ദുത്വ സംഘടനകളും 'കാസ'യെ വന്‍ സാമ്പത്തികമായി സഹായിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

