മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ഥ ചിത്രം പുറത്ത്
മലപ്പുറം: മലബാര്‍ സമരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ഥ ചിത്രം പുറത്ത്. മലപ്പുറത്ത് നടന്ന സുല്‍ത്താന്‍ വാരിയംകുന്നന്‍ പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം പുറത്തിറക്കിയത്. തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് എഴുതിയ 'സുല്‍ത്താന്‍ വാരിയംകുന്നന്‍' എന്ന ജീവചരിത്ര പുസ്തകത്തിലൂടെയാണ് 1921 ലെ മലബാര്‍ സമര നായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ഥ ചിത്രം പുറത്തുവന്നത്. വൈകീട്ട് നാലിന് മലപ്പുറത്തെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ നടന്ന ചരിത്രപരമായ ചടങ്ങില്‍ വാരിയംകുന്നന്റെ മകന്റെ പേരക്കുട്ടി വാരിയംകുന്നത്ത് ഹാജറ പുസ്തകം പ്രകാശനം ചെയ്തു.
പ്രമുഖ സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പൂക്കോട്ടൂര്‍ യുദ്ധ ഭൂമിയാണ് തന്റെ ജന്‍മദേശമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ലാത്ത സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തയ്യാറാക്കിയ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍നിന്ന് മലബാര്‍ പോരാളികളുടെ പേരുകള്‍ വെട്ടിയെന്നത് ആ രക്തസാക്ഷികള്‍ക്ക് അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തുവര്‍ഷം നീണ്ട ഗവേഷണങ്ങള്‍ക്കുശേഷമാണ് റമീസ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് പുസ്തകമെഴുതിയത്. പുസ്തകത്തിന്റെ കവര്‍ ചിത്രം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രമാണ്.
അദ്ദേഹത്തിന്റെ പിന്‍മുറക്കാരും നാട്ടുകാരും സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നെത്തിയ വ്യക്തികളും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാവാനെത്തിയിരുന്നു. അദ്ദേഹത്തിന്റെ അമൂല്യമായ മറ്റു ചിത്രങ്ങളും മലബാര്‍ പോരാട്ടത്തിന്റെ ഇതുവരെ പുറത്തുവരാത്ത നിരവധി ചരിത്ര നിമിഷങ്ങളുടെ ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒരുപാട് അന്വേഷണം നടത്തിയതിന് ശേഷമാണ് വാരിയംകുന്നന്റെ യഥാര്‍ഥ ചിത്രം ലഭിച്ചതെന്ന് പുസ്തകത്തിന്റെ രചയിതാവ് റമീസ് മുഹമ്മദ് പ്രതികരിച്ചു. ബ്രിട്ടണില്‍ നിന്ന് ചിത്രം വിട്ടുകിട്ടില്ല എന്ന ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനില്‍നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്ധരുമായി ചര്‍ച്ച ചെയ്താണ് അത് വാരിയംകുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോയമ്പത്തൂരില്‍നിന്നാണ് വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജിയുടെ ബന്ധുക്കളെ കണ്ടെത്തിയത്. അവര്‍തന്നെ ഈ പുസ്തകം പ്രകാശനം ചെയ്യണമെന്നത് തന്റെ ഒരു നിര്‍ബന്ധമായിരുന്നു. വല്യുപ്പാന്റെ ചിത്രം കണ്ടപ്പോള്‍ സന്തോഷത്തക്കാളേറെ സങ്കടമാണുണ്ടായത്. വല്യുപ്പാനെ കാണാന്‍ പറ്റിയതുതന്നെ തന്റെ ഭാഗ്യമാണെന്നാണ് കരുതുന്നതെന്ന് പുസ്തകം പ്രകാശനം ചെയ്യാനായി മലപ്പുറത്തെത്തിയ വാരിയംകുന്നന്റെ പേരമകള്‍ ഹാജറ പറഞ്ഞു. ഇത് രണ്ടാം തവണയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ പരമ്പരയില്‍പെട്ട ഹാജറ മലപ്പുറത്തെത്തുന്നത്. വാരിയംകുന്നന്റെ ചരിത്രം മുത്തച്ഛന്‍ പറഞ്ഞറിയാമെന്ന് ഹാജറ പറയുന്നു.

