കോണ്‍ഗ്രസ് അതിര് കടക്കുന്നു; രാജി ഭീഷണി മുഴക്കി കുമാര സ്വാമി

സിദ്ധാരാമയ്യയെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് പ്രതിനിധികളുടെ നിലപാടാണ് കുമാര സ്വാമിയെ പ്രകോപിപ്പിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും സിദ്ധാരാമയ്യയാണ് മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസില്‍ നിന്നുള്ള മന്ത്രിയായ സി പുട്ടരംഗ ഷെട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Update: 2019-01-28 06:58 GMT

ബംഗളൂരു: കലുഷിതമായ കര്‍ണാടക രാഷ്ട്രീയത്തില്‍ പുതിയ പൊട്ടിത്തെറി. കോണ്‍ഗ്രസിനെതിരേ തുറന്നടിച്ച് മുഖ്യമന്ത്രി കുമാരസ്വാമി. കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ നിയന്ത്രിക്കാന്‍ തയ്യാറല്ലെങ്കില്‍ താന്‍ രാജിവയ്ക്കുമെന്ന് കുമാരസ്വാമി ഭീഷണി മുഴക്കി.

സിദ്ധാരാമയ്യയെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് പ്രതിനിധികളുടെ നിലപാടാണ് കുമാര സ്വാമിയെ പ്രകോപിപ്പിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും സിദ്ധാരാമയ്യയാണ് മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസില്‍ നിന്നുള്ള മന്ത്രിയായ സി പുട്ടരംഗ ഷെട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ അതിരു കടക്കുകയാണെന്ന് ഇതോട് പ്രതികരിച്ചുകൊണ്ട് കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ഈ വിഷയത്തില്‍ ഇടപെടണം. ഇതിങ്ങിനെ തുടരാനാണ് ഭാവമെങ്കില്‍ ഞാന്‍ രാജിവയ്ക്കാന്‍ തയ്യാറാണ്. കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ എംഎല്‍എമാരെ നിയന്ത്രിക്കണം-കുമാരസ്വാമി പറഞ്ഞു.

സിദ്ധാരാമയ്യ പക്ഷക്കാരായ മറ്റു എംഎല്‍എമാരും ഞായറാഴ്ച്ച കുമാരസ്വാമിക്കെതിരേ തിരിഞ്ഞിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് എഴ് മാസം കഴിഞ്ഞിട്ടും കര്‍ണാടകയില്‍ യാതൊരു വികസനവും നടക്കുന്നില്ലെന്നായിരുന്നു ആരോപണം. സിദ്ധാരമയ്യയ്ക്ക് മറ്റൊരു അഞ്ച് വര്‍ഷം കൂടി കിട്ടിയിരുന്നെങ്കില്‍ സംസ്ഥാനത്ത് യഥാര്‍ത്ഥ വികസനം ഉണ്ടാവുമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് എംഎല്‍എ സോമശേഖര്‍ പറഞ്ഞത്.

ഈയിടെ കര്‍ണാടക കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധിക്ക് പിന്നില്‍ കളിച്ചത് സിദ്ധാരമയ്യയാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് പുതിയ നാടകം.  

Tags: