റിപ്പോ നിരക്ക് വീണ്ടും കൂട്ടി ആര്‍ബിഐ;വായ്പാ പലിശ ഉയരും

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്

Update: 2022-06-08 05:39 GMT

മുംബൈ :വായ്പാ പലിശ നിരക്കായ റിപ്പോ അമ്പതു ബേസിസ് പോയിന്റ് ഉയര്‍ത്തി ആര്‍ബിഐ.റിപ്പോ നിരക്ക് 4.40 ശതമാനത്തില്‍നിന്നു 4.90 ശതമാനമായാണ് ഉയര്‍ത്തിയത്. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ഉയര്‍ന്നേക്കും.പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.

കഴിഞ്ഞ മാസം വായ്പാ അവലോകനത്തിലല്ലാതെ റിപ്പോ നിരക്ക് നാല്‍പ്പതു ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു.ഇതിനെ തുടര്‍ന്ന് എല്ലാ ബാങ്കുകളും വായ്പ നിക്ഷേപ പലിശകള്‍ വര്‍ധിപ്പിച്ചിരുന്നു.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് റിപ്പോ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചതെന്നും, ഏകകണ്ഠമായാണ് ഈ തീരുമാനം കൈകൊണ്ടതെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

നാണയപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ഇതോടെ ബാങ്ക് വായ്പാനിരക്കുകള്‍ ഉയര്‍ന്നേക്കും. വാഹന, ഭവന വായ്പകള്‍ ചെലവേറിയതാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അസംസ്‌കൃത എണ്ണ വില ഉയര്‍ന്നുനില്‍ക്കുന്നത് അടക്കമുള്ള വിഷയങ്ങള്‍ രാജ്യത്ത് വിലക്കയറ്റത്തിന് കാരണമായിരിക്കുകയാണ്. ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പനിരക്കും മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പനിരക്കും ഉയര്‍ന്ന നിലയിലാണ്. പണപ്പെരുപ്പനിരക്ക് ആറുശതമാനത്തില്‍ താഴെ എത്തിക്കുകയാണ് റിസര്‍വ് ബാങ്ക് ലക്ഷ്യം.





Tags: