തിരുനിലത്ത്കണ്ടി രവി വധക്കേസ് പ്രതികളെ വെറുതെവിട്ടു

4 ,9 പ്രതികളായ മുസ്തഫ, കുഞ്ഞീതു എന്നിവരെയാണ് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ പി നാരായണന്‍ കേസ് വിശ്വാസയോഗ്യമല്ലെന്ന് കണ്ട് വെറുതെവിട്ടത്.

Update: 2019-02-27 08:34 GMT

മഞ്ചേരി: ആര്‍എസ്എസ് തിരുന്നാവായ ദണ്ഡ് കാര്യവാഹക് തിരുനിലത്ത് കണ്ടി രവി എന്ന രവീന്ദ്രന്‍ വെട്ടേറ്റ് മരിച്ച കേസില്‍ രണ്ടു പ്രതികളെ വെറുതെവിട്ടു. 4 ,9 പ്രതികളായ മുസ്തഫ, കുഞ്ഞീതു എന്നിവരെയാണ് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ പി നാരായണന്‍ കേസ് വിശ്വാസയോഗ്യമല്ലെന്ന് കണ്ട് വെറുതെവിട്ടത്.

2007 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ബാബുവുമൊന്നിച്ച് ബൈക്കില്‍ യാത്ര ചെയ്യവെ തിരൂര്‍ ബോയ്‌സ് ഹൈസ്‌ക്കൂള്‍ റോഡില്‍ വെച്ച് മൂന്ന് ബൈക്കുകളിലായി വന്ന ആറ് പേര്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

1998ല്‍ തിരൂരില്‍ നടന്ന പ്രമാദമായ യാസര്‍ വധക്കേസിലെ രണ്ടാം പ്രതിയായിരുന്നു കൊല്ലപ്പെട്ട രവീന്ദ്രന്‍. യാസര്‍ വധക്കേസിലെ പ്രതികളെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. രവി വധക്കേസിലെ രണ്ടാം പ്രതി ജാസിം വിചാരണക്ക് മുമ്പ് മരണപ്പെട്ടു. മറ്റ് പ്രതികളെ നേരത്തെ വിട്ടയച്ചിരുന്നു. ഡിവൈഎസ്പി മോഹനചന്ദ്രന്‍ അന്വേഷിച്ച കേസില്‍ നാല്‍പ്പതിലധികം സാക്ഷികളെ വിസ്തരിച്ചു. പ്രതികള്‍ക്ക് വേണ്ടി അഡ്വ. എം പി അബ്ദുല്ലത്തീഫ് ഹാജരായി.

Tags: