റഊഫ് ശരീഫിനെ യുപിയിലേക്ക് കൊണ്ടുപോയത് ആര്‍എസ്എസ് തിരക്കഥയുടെ ഭാഗം: പോപുലര്‍ ഫ്രണ്ട്

Update: 2021-02-13 13:41 GMT

കോഴിക്കോട്: ഹാഥ്‌റസ് കേസില്‍ ഉള്‍പ്പെടുത്തി കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫിനെ യുപി പോലിസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് ആര്‍എസ്എസ് തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. ഇന്ത്യയില്‍ സമാന്തര പോലിസ് രാജുണ്ടാക്കുകയാണ് യുപി സര്‍ക്കാര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആക്റ്റിവിസ്റ്റുകളെയും ആര്‍എസ്എസിനെതിരേ പറയുന്നവരെയും വേട്ടയാടുന്നതിന്റെ കേന്ദ്രമായി യുപിയെ മാറ്റിയിരിക്കുന്നു.

    നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് കഴിഞ്ഞ ദിവസം ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ഉള്‍പ്പെടെ 18 പേര്‍ക്കെതിരേ കേസ്സെടുത്തതും യുപി പോലിസാണ്. നേരത്തേ ഇഡി രജിസ്റ്റര്‍ ചെയ്ത വ്യാജ സാമ്പത്തിക കേസില്‍ റഊഫ് ശരീഫിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഇഡിയുടെ നുണക്കഥകള്‍ പൊളിഞ്ഞതോടെയാണ് റഊഫിന് ജാമ്യം ലഭിച്ചത്. തന്റെ അക്കൗണ്ടിലെ പണം ബിസിനസ് ഇടപാടിലൂടെ ലഭിച്ചതാണെന്നാണ് റഊഫ് ഷെരീഫ് കോടതിയില്‍ അറിയിച്ചത്. ഇതിനു പിന്നാലെ ലക്‌നൗവിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി സമര്‍പ്പിച്ച അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. റഊഫിനെ കുടുക്കാനുള്ള ഇഡിയുടെ നീക്കം പൊളിഞ്ഞതിനു പിന്നാലെയാണ് വീണ്ടും കള്ളക്കേസ് ചുമത്തി റഊഫിനെ യുപി പോലിസ് അറസ്റ്റ് ചെയ്തത്.

    ഹാഥ്‌റസ് ബലാല്‍സംഗക്കേസിലെ ഇരയുടെ വീട് സന്ദര്‍ശിക്കാനെത്തിയ കാംപസ് ഫ്രണ്ട് നേതാക്കളെയും മാധ്യമ പ്രവര്‍ത്തകനെയും കള്ളക്കേസ് ചുമത്തി യുപി പോലിസ് ജയിലിലടച്ചിരുന്നു. ഈ കേസില്‍ ഉള്‍പ്പെടുത്തിയാണ് റഊഫ് ശരീഫിനേയും ഇപ്പോള്‍ അറസ്റ്റ് ചെയ്തത്. സംഘപരിവാര ഭരണകൂട വേട്ടയുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണിത്. വിയോജിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും തുറങ്കിലടച്ചും കൊലപ്പെടുത്തിയും ഉല്ലസിക്കുന്ന യോഗിയുടെ യുപി സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയായി മാറുകയാണ്. നിരപരാധികളെ നിരന്തരം വേട്ടയാടുന്ന സംഘപരിവാര്‍ ഭരണകൂടങ്ങള്‍ക്കെതിരേ മൗനം വെടിഞ്ഞ് പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Rauf Sharif taken to UP Part of RSS script: Popular Front

Tags:    

Similar News