ബാലികയെ ബലാല്‍സംഗം ചെയ്ത് ഷോക്കടിപ്പിച്ച് കൊന്ന കേസില്‍ പ്രതിയെ വെറുതെവിട്ടതിനേതിരേ പ്രതിഷേധമുയരുന്നു
ചെന്നൈ: ബാലികയെ ബലാല്‍സംഗം ചെയ്ത് ഷോക്കടിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ രാഷ്ട്രീയ നേതാവിന്റെ മകനെ കോടതി വെറുതെവിട്ടതില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധമുയരുന്നു. അണ്ണാ ഡിഎംകെ പ്രദേശിക നേതാവിന്റെ മകന്‍ പ്രതിയായ കേസിലാണ് പോലിസ് ഒത്തുകളിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ ദിണ്ടിഗല്‍ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതിനു പുറമെ, തമിഴ്‌നാട്ടിലെ രണ്ടുലക്ഷം ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും പ്രതിഷേധ ഭാഗമായി അടച്ചിട്ടു.
ദിണ്ടിഗല്‍ കുറുമ്പപാട്ടി വില്ലേജിലെ ബാര്‍ബര്‍ ഷോപ്പുടമയുടെ 12 വയസ്സുള്ള മകളെയാണ് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16നു ദിണ്ഡിഗല്‍ ജില്ലയിലെ കുറുമ്പാട്ടി ഗ്രാമത്തിലാണ് സംഭവം. ബാലികയെ വീട്ടിനുള്ളില്‍ ഷോക്കേല്‍പ്പിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ക്രൂരമായ ബലാല്‍സംഗത്തിനുശേഷം ഷോക്കടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പരിചയം നടിച്ചെത്തിയ അയല്‍വാസിയായ 19കാരന്‍ പെണ്‍കൂട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
അബോധാവസ്ഥയിലായ പെണ്‍കുട്ടിയുടെ വായിലും മൂക്കിലും വയറ് തിരുകിക്കയറ്റി ഷോക്കടിപ്പിച്ചെന്നായിരുന്നു കണ്ടെത്തല്‍. പോലിസ് അന്വേഷണത്തില്‍ 19 കാരന്‍ അറസ്റ്റിലാവുകയും കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. ശിശുസരംക്ഷണ സമിതി മുമ്പാകെ പ്രതി കുറ്റം സമ്മതിച്ചെന്നായിരുന്നു പോലിസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, വയറ് പോലുള്ള വസ്തു ഉപയോഗിച്ചു കുരുക്കിട്ടതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് പെണ്‍കുട്ടി മരണപ്പെട്ടതെന്ന പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടാണ് കോടതിയില്‍ ഹാജരാക്കിയത്. ശിശുസംരക്ഷണ സമിതി ഓഫിസര്‍ മുമ്പാകെ നല്‍കിയ കുറ്റസമ്മത മൊഴി അപ്രത്യക്ഷമാവുകയും ചെയ്തു. കേസിലെ നിര്‍ണായക തൊണ്ടിമുതലായ വയര്‍ പോലിസ് കോടതിയില്‍ ഹാജരാക്കുകയോ
വയറിലെ വിരലടയാളം ഉള്‍പ്പടെ ശേഖരിക്കുകയോ ചെയ്തില്ല. ഇതോടെ, തെളിവുകളുടെ അഭാവത്തില്‍ ദിണ്ടിഗല്‍ സെഷന്‍സ് കോടതിയാണ് പ്രതിയെ വെറുതെവിട്ടത്. പ്രതിഷേധം ശക്തമായതോടെ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഡിഎംകെ, പിഎംകെ, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളും പോലിസിനെതിരേ രംഗത്തെത്തി.
Rape and murder of TN minor; Oppn demands justice, govt assures steps
