ലൈംഗിക പീഡന പരാതി: ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം

ഡിഎന്‍എ പരിശോധന എന്ന ആവശ്യം പരിഗണിക്കരുതെന്നു ബിനോയിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചില്ല

Update: 2019-07-03 10:46 GMT

മുംബൈ: ലൈംഗിക പീഡന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കു മുംബൈ ദിന്‍ഡോഷി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഡിഎന്‍എ പരിശോധനയ്ക്കു തയ്യാറാവണം, പോലിസ് ആവശ്യപ്പെട്ടാല്‍ രക്തസാംപിള്‍ നല്‍കണം, കാല്‍ ലക്ഷം രൂപ കെട്ടിവയ്ക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ബിഹാര്‍ സ്വദേശിനിയും ബാര്‍ ഡാന്‍സറുടെ പരാതിയില്‍ കഴിഞ്ഞ ദിവസം വാദത്തിനിടെ, ഡിഎന്‍എ പരിശോധന എന്ന ആവശ്യം പരിഗണിക്കരുതെന്നു ബിനോയിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുവദിച്ചില്ല. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ച കോടതി യുവതിയുടെ വാദം വീണ്ടും കേള്‍ക്കാമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്നലെ കേസ് പരിഗണിച്ച ശേഷം ഇന്നത്തേക്ക് വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ദുബയില്‍ ബാര്‍ ഡാന്‍സറായിരുന്ന യുവതിയുടെ പരാതിയില്‍ പറയുന്നത്.

    2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നാണു പരാതി. 2018ലാണ് ബിനോയ് മറ്റൊരു വിവാഹം കഴിച്ച കാര്യം കാര്യം താന്‍ അറിഞ്ഞതെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ജൂണ്‍ 13നാണ് എഫ്‌ഐര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനു ശേഷം ഒളിവിലായിരുന്ന ബിനോയിയെ തേടി മുംബൈ പോലിസ് തലശ്ശേരിയിലെത്തിയിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് ബിനോയി കോടിയേരിയെ കണ്ടെത്താന്‍ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.



Tags:    

Similar News