ശ്രീലങ്കന്‍ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ അധികാരമേറ്റു

ഗോതബായ രാജപക്‌സെയുടെ ശേഷിക്കുന്ന കാലയളവായ, 2024 നവംബര്‍ വരെയാണ് വിക്രമസിംഗെയ്ക്ക് കാലാവധിയുള്ളത്

Update: 2022-07-21 06:19 GMT

കൊളംബോ: ശ്രീലങ്കയുടെ എട്ടാമത് പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യയാണ് വിക്രമസിംഗെയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഗുരുതര രാഷ്ട്രീയ പ്രതിസന്ധിയും,രൂക്ഷമായ സാമ്പത്തിക അരക്ഷിതാവസ്ഥയും,ജനങ്ങളുടെ ശക്തമായ പ്രതിഷേധവും തുടരുന്നതിനിടേയാണ് റെനില്‍ വിക്രമസിംഗെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്.ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രസിഡന്റ് ഗോതബായ രാജപക്‌സെ നാടുവിട്ടതിനെത്തുടര്‍ന്ന് റെനില്‍ വിക്രമസിംഗെ താല്‍ക്കാലിക പ്രസിഡന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ നടത്തിയ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് റെനില്‍ വിക്രമസിംഗെ ഇടക്കാല പ്രസിഡന്റ് പദത്തിലേറിയത്.

ഗോതബായ രജപക്‌സെയുടെ ശേഷിക്കുന്ന കാലയളവായ, 2024 നവംബര്‍ വരെയാണ് വിക്രമസിംഗെയ്ക്ക് കാലാവധിയുള്ളത്. 225 അംഗ പാര്‍ലമെന്റില്‍ വിക്രമസിംഗെ 134 വോട്ടു നേടിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷത്തെ ഡള്ളാസ് അളഹപ്പെരുമയ്ക്ക് 82 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.പാര്‍ലമെന്റില്‍ വോട്ടെടുപ്പിലൂടെ പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ നേതാവു കൂടിയാണ് റെനില്‍ വിക്രമസിംഗെ.25 അംഗ സര്‍ക്കാര്‍ റെനില്‍ വിക്രമസിംഗെ ഉടന്‍ തന്നെ രൂപീകരിച്ചേക്കുമെന്നാണ് സൂചന.

അതേസമയം വിക്രമസിംഗെയെ പ്രസിഡന്റായി അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകാരികള്‍.രാജപക്‌സെ കുടുംബത്തിന്റെ തുടര്‍ച്ചയായിരിക്കും റെനില്‍ എന്നുള്ളതാണ് പ്രക്ഷോഭകാരികള്‍ ചൂണ്ടിക്കാട്ടുന്നത്.റെനിലിന്റെ രാജിക്കായി രാജ്യത്ത് പ്രക്ഷോഭം ശക്തമാക്കാനും തീരുമാനമുണ്ട്.റെനിലിനെ പിന്തുണച്ച എംപിമാര്‍ക്കെതിരേയും പ്രതിഷേധം ഉയര്‍ന്നേക്കും.

Tags: