ഇനി കാലുകുത്തിയാൽ കൊല്ലും... ; രമ്യ ഹരിദാസ് എംപിക്ക് സിപിഎം പ്രവർത്തകരുടെ ഭീഷണി

ആലത്തൂര്‍ മണ്ഡലത്തില്‍ ഇനി കാലുകുത്തിയാല്‍ കൊല്ലുമെന്ന് അടക്കമുള്ള ഭീഷണികൾ തനിക്കെതിരേ ഉണ്ടായി എന്നും രമ്യ പറയുന്നു.

Update: 2021-06-13 13:56 GMT

പാലക്കാട്: സിപിഎം പ്രവർത്തകർ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ആലത്തൂർ എംപി രമ്യ ഹരിദാസ്. തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുമ്പോഴാണ് ആലത്തൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസർ ഉൾപ്പെടെയുള്ള സിപിഎമ്മുകാർ തന്നെ തടയാനെത്തിയതെന്ന് രമ്യ ഹരിദാസ് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് എട്ടോളം പേർക്കെതിരേ എംപി പോലിസിൽ പരാതി നൽകി. സംഭവം വിശദീകരിച്ചുകൊണ്ട് വീഡിയോ ദൃശ്യം സഹിതം ഫേസ്ബുക്ക് പോസ്റ്റിലൂടെ രമ്യ ഹരിദാസ് രംഗത്തുവന്നു.

ആലത്തൂര്‍ മണ്ഡലത്തില്‍ ഇനി കാലുകുത്തിയാല്‍ കൊല്ലുമെന്ന് അടക്കമുള്ള ഭീഷണികൾ തനിക്കെതിരേ ഉണ്ടായി എന്നും രമ്യ പറയുന്നു. ഞായറാഴ്ച ഉച്ചക്ക് ശേഷം ആലത്തൂര്‍ പോലിസ് സ്‌റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം ഉണ്ടായത്. വാഹനത്തിൽ പോകുകയായിരുന്ന രമ്യ ഹരിദാസ് എംപി പോലിസ് സ്‌റ്റേഷന് സമീപത്തുവച്ച് ഹരിത കർമ്മസേനാ പ്രവര്‍ത്തകരുമായി സംസാരിച്ചു. ഈ സമയത്താണ് സിപിഎം പ്രവര്‍ത്തകര്‍ തടയാനെത്തിയതെന്ന് എംപി പറയുന്നു.

ഹരിത കർമ്മസേനാ പ്രവർത്തകരോട് സംസാരിച്ച ശേഷം വാഹനത്തിലേക്ക് കയറുന്ന സമയത്ത് നജീബ് എന്നയാള്‍ ഇത് 'പട്ടി ഷോ' കാണിക്കാനുള്ള സ്ഥലമല്ലെന്ന് പറഞ്ഞുവെന്നും രമ്യ ഹരിദാസ് എംപി ഒരു സ്വകാര്യ വാർത്താ ചാനലിനോട് പറഞ്ഞിട്ടുണ്ട്. തുടര്‍ന്നാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവും എത്തിയതും രമ്യയോട് മോശമായി സംസാരിച്ചതും.