വര്‍ഗീയ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ ആ മിടുക്കിയെ ജീവിക്കാന്‍ അനുവദിച്ചില്ല: ചെന്നിത്തല

ഫാത്തിമയുടെ വിശ്വാസവും പശ്ചാത്തലവും മരണത്തിലേക്കുള്ള പാത തുറന്നു കൊടുക്കുമ്പോള്‍ രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലയാണ് തകര്‍ന്നുവീഴുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

Update: 2019-11-14 04:02 GMT

തിരുവനന്തപുരം: ചെന്നൈ ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് കത്തെഴുതി. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി കടുത്ത ശിക്ഷ കൊടുക്കാനുള്ള നടപടികള്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫാത്തിമയുടെ വിശ്വാസവും പശ്ചാത്തലവും മരണത്തിലേക്കുള്ള പാത തുറന്നു കൊടുക്കുമ്പോള്‍ രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലയാണ് തകര്‍ന്നുവീഴുന്നതെന്ന് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ മിടുക്കിയായ വിദ്യാര്‍ഥിയായിരുന്നു ഫാത്തിമ. എന്നാല്‍ നമ്മുടെ നാടിനെ അന്ധകാരത്തിലേക്ക് നയിക്കുന്ന വര്‍ഗീയ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ ആ മിടുക്കിയെ ജീവിക്കാന്‍ അനുവദിച്ചില്ല.

Full View

ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി കടുത്ത ശിക്ഷ കൊടുക്കാനുള്ള നടപടികള്‍ തമിഴ്‌നാട് സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജസ്റ്റിസ് ഫോര്‍ ഫാത്തിമ ലത്തീഫ് എന്ന ഹാഷ് ടാഗോടെയാണ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സുദര്‍ശന്‍ പത്മനാഭന്‍ എന്ന പ്രധാന അധ്യാപകന്റെയും മറ്റ് രണ്ട് അധ്യാപകരുടെയും വര്‍ഗീയമായ വിവേചനം മൂലമാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് ആത്മഹത്യാക്കുറിപ്പില്‍ വിദ്യാര്‍ഥിനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറക്കുകയും അതിനെതിരെ അപ്പീല്‍ പോയതിന്റെ പേരില്‍ ഇതേ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തുവെന്നും വെളിപ്പെടുത്തലുണ്ട്. കേസിൽ അധ്യാപകർക്കെതിരേ തെളിവില്ലെന്നാണ് പോലിസ് വാദം.  

Similar News