രാകേഷ് ടികായത്തിന്റെ കാറിന് നേരേ വെടിവയ്പ്പ്; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് ആരോപണം
ബന്‍സൂറില്‍ കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ് അദ്ദേഹത്തിന്റെ വാഹനത്തിന് നേരേ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. വെടിയുതിര്‍ന്നശേഷം കാറിലേക്ക് മഷി എറിയുകയും ചെയ്തുവെന്ന് അനുയായികള്‍ ആരോപിച്ചു. എന്നാല്‍, രാകേഷ് ടികായത് പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു.
ജയ്പൂര്‍: കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത് സഞ്ചരിച്ച കാറിന് നേരേ വെടിവയ്പ്പുണ്ടായതായി പരാതി. രാജസ്ഥാനിലെ അല്‍വാര്‍ ഗ്രാമത്തിലെ ബന്‍സൂര്‍ റോഡിലുള്ള ടാറ്റര്‍പൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം. ബന്‍സൂറില്‍ കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ് അദ്ദേഹത്തിന്റെ വാഹനത്തിന് നേരേ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. വെടിയുതിര്‍ന്നശേഷം കാറിലേക്ക് മഷി എറിയുകയും ചെയ്തുവെന്ന് അനുയായികള്‍ ആരോപിച്ചു. എന്നാല്‍, രാകേഷ് ടികായത് പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു.
ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ (ബികെയു) നേതാവ് രാകേഷ് ടികായത് ആരോപിച്ചു. ആക്രമണത്തില്‍ തകര്‍ന്ന കാറിന്റെ ദൃശ്യങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യം കൊലചെയ്യുന്നതിന്റെ ദൃശ്യങ്ങളെന്നാണ് അദ്ദേഹം വീഡിയോയെ വിശേഷിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക സര്‍വകലാശാലയിലെ സ്റ്റുഡന്റ് യൂനിയന്‍ പ്രസിഡന്റ് ഉള്‍പ്പെടെ നാല്‌പേരെ ക്രമസമാധാനം തകര്‍ക്കുന്നുവെന്ന വകുപ്പ് ചുമത്തി കരുതല്‍ തടങ്കലിലാക്കിയതായി പോലിസ് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് കിസാന്‍ പഞ്ചായത്തിന്റെ വേദിയില്‍നിന്ന് മറ്റൊന്നിലേക്ക് ടികായത്ത് പോവുമ്പോഴാണ് സംഭവം നടന്നതെന്ന് പോലിസ് പറഞ്ഞു. അല്‍വാറില്‍ ടികായത്തിന് രണ്ട് പൊതുയോഗങ്ങളുണ്ടായിരുന്നു. ഹര്‍സോളിയില്‍ നടന്ന ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത ശേഷം ടികായത് ബന്‍സൂരിലെ മറ്റൊരു മീറ്റിങ്ങിന്റെ വേദിയിലേക്ക് പോവുകയായിരുന്നു. യാത്രയ്ക്കിടെ രാജ് റിഷി ഭാര്‍താരി മല്‍സ്യ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കുല്‍ദീപ് റാവുവിന്റെ നേതൃത്വത്തില്‍ ചിലര്‍ ടികായത്തിന്റെ വാഹനവ്യൂഹത്തിന് നേരേ കരിങ്കൊടി കാണിച്ചെന്ന് ഭീവാടി എസ്പി രാം മൂര്‍ത്തി ജോഷി പറഞ്ഞു.
പ്രതിഷേധക്കാര്‍ വാഹനവ്യൂഹത്തിന് നേരെ മഷി എറിഞ്ഞതായും അദ്ദേഹം പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ടികായത്ത് സഞ്ചരിച്ചിരുന്ന കാര്‍ ഇതിനകം മുന്നോട്ടുപോയിരുന്നു. കാറുകളിലൊന്നിന്റെ ഗ്ലാസ് തകര്‍ന്നതായും കണ്ടെത്തി. ടികായത്തിനെ പിന്തുണയ്ക്കുന്നവരും കരിങ്കൊടി കാണിച്ചവരും തമ്മില്‍ വാക്കേറ്റമുണ്ടായി. സമാധാനം തകര്‍ക്കുന്നുവെന്നതിന്റെ പേരില്‍ റാവു ഉള്‍പ്പെടെ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ജോഷി പറഞ്ഞു.
