ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ എഎപിയില്‍ പൊട്ടിത്തെറി. സാമൂഹിക ക്ഷേമ മന്ത്രി രാജ്കുമാര്‍ ആനന്ദ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. പാര്‍ട്ടിക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ച രാജ്കുമാര്‍ പാര്‍ട്ടി അംഗത്വമടക്കമാണ് രാജിവച്ചത്. പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയെന്നാണ് രാജ് കുമാര്‍ ആനന്ദിന്റെ വിമര്‍ശനം.
അഴിമതിക്കെതിരേ പോരാടാനാണ് താന്‍ എഎപിയില്‍ ചേര്‍ന്നതെന്നും എന്നാല്‍ ഇന്ന് അതേ എഎപി തന്നെ അഴിമതിയില്‍ മുങ്ങിയെന്നും രാജ്കുമാര്‍ ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ദലിത് വിരുദ്ധമായി മാറിയെന്നും രാജ് കുമാര്‍ ആനന്ദ് പറഞ്ഞു.
പാര്‍ട്ടിയുടെ ഭാവി കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ നേതാക്കള്‍ ബുധനാഴ്ച അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇത് പുരോഗമിച്ചുകൊണ്ടിരിക്കെയാണ് രാജ് കുമാര്‍ ഇപ്പോള്‍ രാജി വച്ചിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാളിന്റെ അറസ്റ്റിനെ ചോദ്യംചെയ്ത് കഴിഞ്ഞദിവസം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ എഎപി സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുമ്പോഴാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.
അതേസമയം ആംആദ്മി പാര്‍ട്ടിയുടെ അന്ത്യം തുടങ്ങിയെന്ന് ബിജെപി വിമര്‍ശിച്ചു. രാജ് കുമാര്‍ ആനന്ദിന്റെ രാജി 2011 മുതല്‍ ആരംഭിച്ച അരവിന്ദ് കെജ്‌രിവാളിന്റെ ജനങ്ങളെ വഴിതെറ്റിക്കാനുള്ള നീക്കത്തിന്റെ അവസാനമാണെന്നും ബിജെപി പറഞ്ഞു. രാജ് കുമാര്‍ ആനന്ദിന്റെ രാജിക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ബിജെപി.
അതേസമയം മദ്യ നയക്കേസുമായി ബന്ധപ്പെട്ട് രാജ് കുമാര്‍ ആനന്ദിനെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. മന്ത്രിയുടെ വസതിയില്‍ ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. ബിജെപി തങ്ങളുടെ നേതാക്കളെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുന്നതായി നേരത്തെ തന്നെ എഎപി നേതൃത്വം ആരോപിക്കുന്നുണ്ട്. അതിനിടെയാണ് മന്ത്രിയുടെ രാജി എന്നതാണ് ശ്രദ്ധേയം.
