രാജീവ് ഗാന്ധി വധക്കേസ് പ്രതി രവിചന്ദ്രൻ മോചനം തേടി സുപ്രിംകോടതിയെ സമീപിച്ചു
ഇതേ ആവശ്യമുന്നയിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും, പ്രത്യേക അധികാരമില്ലന്ന് വ്യക്തമാക്കി കോടതി ഹരജി തള്ളിയിരുന്നു.
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ മറ്റൊരു പ്രതിയായ രവിചന്ദ്രനും മോചനമാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചു. പേരറിവാളനെ മോചിപ്പിച്ചതു പോലെ തന്‍റെ കാര്യത്തിലും കോടതി തീരുമാനമെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കും വരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും രവിചന്ദ്രന്‍ ആവശ്യപ്പെടുന്നു.
ഇതേ ആവശ്യമുന്നയിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും, പ്രത്യേക അധികാരമില്ലന്ന് വ്യക്തമാക്കി കോടതി ഹരജി തള്ളിയിരുന്നു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ തമിഴ് ചെയറിന് ജയിലില്‍ നിന്ന് കിട്ടിയ വരുമാനത്തില്‍ ഇരുപതിനായിരം രൂപ സംഭാവന നല്‍കിയിട്ടുള്ള താന്‍ സാമൂഹിക പ്രതിബദ്ധതയുളളയാളാണെന്നും മോചനം കിട്ടിയാല്‍ സമൂഹത്തിന് ഭീഷണിയാവില്ലെന്നും രവിചന്ദ്രന്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്.
രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നേരത്തെ രാഷ്ട്രപതിക്ക് കത്തെഴുതിയിരുന്നു. 2018ൽ തമിഴ്നാട് സർക്കാർ മുന്നോട്ടുവച്ച നിർദേശം അംഗീകരിച്ച് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷയിൽ ഇളവ് ചെയ്യണമെന്നും സ്റ്റാലിൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് എഴുതിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
എസ് നളിനി, മുരുഗൻ, ശാന്തൻ, പേരറിവാളൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവരെ ഉടൻ തന്നെ മോചിപ്പിക്കണമെന്നാണ് കത്തിൽ അപേക്ഷിച്ചിരുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കാരാഗ്രഹത്തിന്റെ യാതന തിന്നു ജീവിക്കുകയാണ് ഏഴുപേരുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പറഞ്ഞറിയിക്കാനാകാത്തത്ര വേദനയും പ്രയാസങ്ങളും ഇവർ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട്. കേസിൽ മാപ്പപേക്ഷിച്ചുള്ള ഇവരുടെ അപേക്ഷ പരിഗണിക്കുന്ന കാര്യത്തിൽ കൂടുതൽ കാലതാമസം നേരിടുകയുമാണെന്ന് അന്ന് കത്തിൽ സൂചിപ്പിച്ചിരുന്നു.
