ഭൂമി തര്‍ക്കം: രാജസ്ഥാനില്‍ പൂജാരിയെ തീകൊളുത്തി കൊലപ്പെടുത്തി

രാധാകൃഷ്ണ ക്ഷേത്രത്തിലെ പൂജാരി ബാബുലാല്‍ വൈഷ്ണവ്(50) ആണ് കൊല്ലപെട്ടത്

Update: 2020-10-09 10:55 GMT

ജയ്പുര്‍: രാജസ്ഥാനില്‍ ക്ഷേത്ര പൂജാരിയെ ജീവനോടെ തീക്കൊളുത്തി കൊലപ്പെടുത്തി. രാജസ്ഥാനിലെ കരോളിലെ ബോക്‌ന ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ ഒരാളെ പിടികൂടിയതായി പോലിസ് അറിയിച്ചു. രാധാകൃഷ്ണ ക്ഷേത്രത്തിലെ പൂജാരി ബാബുലാല്‍ വൈഷ്ണവ്(50) ആണ് കൊല്ലപെട്ടത്. ആറ് പേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസ് അറിയിച്ചു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണ ഊര്‍ജ്ജിതമാക്കിയതായും പോലിസ് പറഞ്ഞു

രാധാകൃഷ്ണ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 5.2 ഏക്കര്‍ സ്ഥലം കൈയ്യേറാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്ന്പൂജാരിയെ സംഘം പെട്രോളും മണ്ണെണ്ണയും ഒഴിച്ചു കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പൂജാരി ചികില്‍സയിലിരിക്കെയാണ് മരിച്ചത്. ഈ സ്ഥലം പുജാരിക്ക് വരുമാന മാര്‍ഗമായി നല്‍കിയതായിരുന്നു. ക്ഷേത്ര ട്രസ്റ്റുകളില്‍ ഉള്‍പ്പെടുന്ന ഇതുപോലുള്ള സ്ഥലങ്ങള്‍ പൂജകള്‍ നടത്തുകയും ഗ്രാമക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങള്‍ നടത്തുകയും ചെയ്യുന്നതിന് പകരമായി പുജാരിമാര്‍ക്ക് വരുമാന മാര്‍ഗമായി ഉപയോഗത്തിനായി നല്‍കാറുണ്ട്. എന്നാല്‍ ഈ ഭൂമിയോടെ ചേര്‍ന്ന് കിടക്കുന്ന തന്റെ പേരിലുള്ള സ്ഥലത്ത് പൂജാരി വീട് നിര്‍മിക്കാന്‍ തുടങ്ങിയതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. തട്ടായി കിടന്ന ഭൂമി മണ്ണുമാന്തിയന്ത്രം കൊണ്ട് നിരപ്പാക്കിയതോടെ ഗ്രാമത്തിലെ ഉയര്‍ന്ന സമുദായത്തില്‍പ്പെട്ട മീണ സമുദായത്തിലെ ഒരു വിഭാഗം ആളുകള്‍ ഇതിനെ എതിര്‍ക്കുകയും ഭൂമി അവരുടെ പാരമ്പര്യസ്വത്താണെന്ന് അവകാശപ്പെടുകയും ചെയ്തു.

പിന്നീട് തര്‍ക്കം ഗ്രാമമുഖ്യരുടെ അടുക്കലെത്തി. അവര്‍ പൂജാരിക്ക് അനുകൂലമായി വിധി പറഞ്ഞു. പൂജാരി നിരപ്പാക്കിയ സ്ഥലത്ത് സ്വന്തമായി വീട് പണിയാന്‍ തുടങ്ങിയതോടെ എതിര്‍ഭാഗത്തുള്ളവര്‍ രംഗത്തെത്തി. പിന്നീട് വാക്കേറ്റത്തിന് കാരണമായി. പ്രതികള്‍ തര്‍ക്ക സ്ഥലത്ത് കിടന്ന ബജ്‌റ വൈക്കോല്‍ കൂനകള്‍ക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയും അദ്ദേഹത്തെ അതിലേക്ക് തള്ളിയിട്ടു. ഗുരുതരമായ പൊള്ളലോടെ എസ്എംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൂജാരി ചികില്‍സയിലിരിക്കെ മരിച്ചു.


പ്രതികള്‍ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൂജാരി പോലിസിന് മൊഴിനല്‍കിരുന്നു. പൂജാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യപ്രതി കൈലാഷ് മീണയെ പോലിസ് കസ്റ്റഡിയിലെടുത്തു. ഒളിവില്‍ പോയ മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലിസ് അറിയിച്ചു.




Tags:    

Similar News