കൊവിഡ് വ്യാപനം രൂക്ഷം; രാജസ്ഥാനിലെ നഗരങ്ങളില്‍ വൈകീട്ട് 6 മുതല്‍ രാവിലെ 6 വരെ കര്‍ഫ്യൂ, ഉത്തരവ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍
കടകളും വാണിജ്യസ്ഥാപനങ്ങളും വൈകീട്ട് അഞ്ചിന് തന്നെ അടച്ചുപൂട്ടും. വെള്ളിയാഴ്ച മുതല്‍ 12 മണിക്കൂര്‍ രാത്രികാല കര്‍ഫ്യൂ പ്രാബല്യത്തില്‍ വരും. ഈമാസം അവസാനം വരെ നിയന്ത്രണങ്ങള്‍ തുടരും.
ജയ്പൂര്‍: കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി രാജസ്ഥാനിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. രാജസ്ഥാനിലെ നഗരപ്രദേശങ്ങളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറുവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കടകളും വാണിജ്യസ്ഥാപനങ്ങളും വൈകീട്ട് അഞ്ചിന് തന്നെ അടച്ചുപൂട്ടും. വെള്ളിയാഴ്ച മുതല്‍ 12 മണിക്കൂര്‍ രാത്രികാല കര്‍ഫ്യൂ പ്രാബല്യത്തില്‍ വരും. ഈമാസം അവസാനം വരെ നിയന്ത്രണങ്ങള്‍ തുടരും. നേരത്തെ ചില നഗരങ്ങളില്‍ രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിങ് സെന്ററുകളും പൂര്‍ണമായും അടച്ചിടും. പൊതുചടങ്ങുകളും കായിക പരിപാടികളും അനുവദിക്കില്ല. വിവാഹത്തിന് പരമാവധി പങ്കെടുപ്പിക്കാവുന്ന അതിഥികളുടെ എണ്ണം 100 ല്‍നിന്ന് 50 ആയി ചുരുക്കി. അതേസമയം, ഫാക്ടറികളെയും ബസ് സ്റ്റാന്‍ഡുകളെയും ഈ ഉത്തരവില്‍നിന്ന് ഒഴിവാക്കും. രാജസ്ഥാനില്‍ ബുധനാഴ്ച 6,200 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 1,325 കേസുകളും തലസ്ഥാനമായ ജയ്പൂരില്‍നിന്നാണ്.
കഴിഞ്ഞമാസം രാജസ്ഥാനില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടുശതമാനമായിരുന്നത് ഇപ്പോള്‍ എട്ടുശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. തിങ്കളാഴ്ച 5,771 പുതിയ കേസുകളാണ് കണ്ടെത്തിയത്. തലേദിവസം 5,105 പേര്‍ക്കാണ് രോഗം ബാധിച്ചത്. ശനിയാഴ്ച ഇത് 4,401 ആയിരുന്നു. പുതിയ കേസുകളുടെ ഏഴുദിവസത്തെ ശരാശരി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 4,000 ല്‍ എത്തി. 40,000 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. കൊവിഡിന്റെ പേരില്‍ ഇതുവരെ മൂവായിരത്തോളം മരണങ്ങളാണ് റിപോര്‍ട്ട ചെയ്തിട്ടുള്ളത്.
