സൈനിക വിവരങ്ങൾ ചോർത്തി നൽകി; രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

പൊഖ്റാൻ ഫയറിങ് റേഞ്ചിന് സമീപത്തു നിന്ന് മൂന്ന് ദിവസം മുമ്പാണ് രഹസ്യാന്വേഷണ ഏജൻസികൾ പലിവാളിനെ പിടികൂടിയത്.

Update: 2021-01-11 12:29 GMT

ന്യൂഡൽഹി: നിർണായക സൈനിക വിവരങ്ങൾ പങ്കുവച്ച രാജസ്ഥാൻ സ്വദേശി പിടിയിൽ. രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിൽ നിന്നുള്ള മുൻ സർപഞ്ചിന്റെ ഭർത്താവിനെയാണ് സിഐഡി (സ്‌പെഷ്യൽ ബ്രാഞ്ച്) അറസ്റ്റ് ചെയ്തത്. ഇന്ത്യ-പാകിസ്താൻ അതിർത്തിക്കടുത്തുള്ള ലത്തി ഗ്രാമത്തിലെ താമസക്കാരനാണ് അറസ്റ്റിലായ സത്യനാരായൺ പലിവാൾ.

1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം ചാരവൃത്തിക്കുറ്റം ചുമത്തിയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പൊഖ്റാൻ ഫയറിങ് റേഞ്ചിന് സമീപത്തു നിന്ന് മൂന്ന് ദിവസം മുമ്പാണ് രഹസ്യാന്വേഷണ ഏജൻസികൾ പലിവാളിനെ പിടികൂടിയത്. സാമൂഹിക മാധ്യമങ്ങൾ വഴി വിവരങ്ങൾ പങ്കുവെച്ചതായും അദ്ദേഹം സമ്മതിച്ചു.

പാക്കിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ‌എസ്‌ഐ നടത്തുന്ന സാമൂഹിക മാധ്യമ അക്കൗണ്ടായ ഛദാമിനെക്കുറിച്ച് പലിവാൾ വിവരങ്ങൾ നൽകിയതായി എ‌ഡി‌ജി ഇന്റലിജൻസ് ഉമേഷ് മിശ്ര പറഞ്ഞു. അതിർത്തി പ്രദേശങ്ങളിലെ സൈന്യത്തിന്റെ നീക്കത്തെക്കുറിച്ചും രാജ്യത്തെ ഏറ്റവും വലിയ പൊഖ്റാൻ ഫീൽഡ് ഫയറിങ് റേഞ്ചിലെ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിവരങ്ങൾ നൽകിയെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

ഭാര്യ സർപഞ്ച് ആയതിനാൽ സൈന്യത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നയിടത്തേക്ക് തനിക്ക് പ്രവേശനമുണ്ട്. സൈനികാഭ്യാസം നടക്കുന്നുണ്ടെങ്കിൽ, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ ജാ​ഗ്രതാ മുന്നറിയിപ്പ് നൽകാറുണ്ടെന്ന് പലിവാൾ പറഞ്ഞു. ചാരപ്പണി സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്ന് ഒരു മാസമായി രഹസ്യാന്വേഷണ വിഭാഗം പാലിവാളിനെ നിരീക്ഷിച്ചു വരികയായിരുന്നു.