രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം ആഗസ്ത് 14 ന്; ഗവര്‍ണര്‍ അനുമതി നല്‍കി

ഗെലോട്ട് നിയമസഭ വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് നാലാമത്തെ നിവേദനം നല്‍കിയ ശേഷമാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്.

Update: 2020-07-29 19:09 GMT

ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം ആഗസ്ത് 14 മുതല്‍ നടത്തും. ഇതിന് ഗവര്‍ണര്‍ കല്‍രാജ് മിശ്ര അനുമതി നല്‍കി. സഭ ചേരണമെന്ന് നിരവധി തവണ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യമുന്നയിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഗവര്‍ണറുടെ സമ്മതം.

ഗെലോട്ട് നിയമസഭ വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് നാലാമത്തെ നിവേദനം നല്‍കിയ ശേഷമാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് തവണയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഗെലോട്ട്, ഗവര്‍ണറെ സമീപിച്ചത്. ജൂലൈ 31ന് സഭ ചേരണമെന്നായിരുന്നു ഗെലോട്ട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

ഇന്ന രാവിലെ ഗെലോട്ടിന്റെ മൂന്നാം ശിപാര്‍ശയും ഗവര്‍ണര്‍ തള്ളിയിരുന്നു. എംഎല്‍എമാര്‍ക്ക് നോട്ടിസ് നല്‍കാന്‍ 21 ദിവസത്തെ ഇടവേളവേണമെന്ന നിലപാടില്‍ ഉറച്ചാണ് ഗവര്‍ണര്‍ ശിപാര്‍ശ തള്ളിയത്. പിന്നാലെയാണ് ആഗസ്ത് 14 ന് നിയമസഭ ചേരാനുള്ള തീരുമാനമായത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവണം സഭാ സമ്മേളനം നടത്താനെന്നും ഗവര്‍ണര്‍ ഉത്തരവില്‍ പറയുന്നു.

200 അംഗ നിയമസഭയില്‍ 102 പേരുടെ ഭൂരിപക്ഷം അവകാശപ്പെടുന്ന അശോക് ഗെഹ്ലോട്ടിന് തന്റെ കരുത്തു തെളിയിക്കാനുള്ള വേദി കൂടിയാണ് നിയമ സഭ സമ്മേളനം. നിയമസഭ വിളിക്കാനുള്ള ഗവര്‍ണറുടെ തീരുമാനത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. അതിനിടെ തങ്ങളുടെ ആറ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചതിനെതിരേ ബിഎസ്പി രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബിഎസ്പിക്ക് വേണ്ടി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സതീഷ് മിശ്രയാണ് പരാതി നല്‍കിയത്.


Tags:    

Similar News