അജ്മീര്‍ മേയര്‍ തിരഞ്ഞെടുപ്പ്; ജനപ്രതിനിധികളെ രഹസ്യ കേന്ദ്രത്തില്‍ ഒളിപ്പിച്ച് ബിജെപി
മേയര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയം ഉറപ്പാക്കുന്നതിന് കൗണ്‍സിലര്‍മാരെ രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ബിജെപി.
ജയ്പൂര്‍: കുതിരക്കച്ചവടം തടയാന്‍ എംഎല്‍എമാരെ ഹോട്ടലുകളില്‍ പൂട്ടിയിടുന്ന പ്രവണത രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ച് ബിജെപി. മേയര്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയം ഉറപ്പാക്കുന്നതിന് കൗണ്‍സിലര്‍മാരെ രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ബിജെപി.
അജ്മീര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (എഎംസി) തിരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമാക്കുന്നതിനാണ് നടപടി. അജ്മീര്‍ നഗര്‍ നിഗത്തിന്റെ 80 സീറ്റുകളില്‍ ബിജെപിക്ക് 48 ഉം കോണ്‍ഗ്രസിന് 18 ഉം, രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിക്ക് (ആര്‍എല്‍ടിപി) ഒരു സീറ്റും ലഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 13 സീറ്റുകള്‍ നേടി.
വിജയിച്ച എല്ലാ സ്ഥാനാര്‍ത്ഥികളെയും ജയ്പൂരിലെ രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ് ബിജെപി. മേയറുടെ നാമനിര്‍ദ്ദേശത്തിനുള്ള വോട്ടെടുപ്പ് ദിവസമായ ഫെബ്രുവരി 7 വരെ കൗണ്‍സിലര്‍മാര്‍ അവിടെ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ സമാപിച്ച സില പ്രമുഖ് തിരഞ്ഞെടുപ്പില്‍ 30 സീറ്റുകളില്‍ 21 എണ്ണം നേടിയിട്ടും പാര്‍ട്ടിക്ക് അജ്മീറില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞിരുന്നില്ല. ക്രോസ് വോട്ടിങ് പാര്‍ട്ടിക്ക് വിനയാവുകയായിരുന്നു. മേയര്‍ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഇത് ആവര്‍ത്തിക്കുമെന്ന ഭയം മൂലമാണ് കൗണ്‍സിലര്‍മാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.
അജ്മീര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കോണ്‍ഗ്രസ്സിന് 22 കൗണ്‍സിലര്‍മാരുടെ പിന്തുണകൂടി ആവശ്യമാണ്. 13 സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥികളും ഒരു ആര്‍എല്‍ടിപി അംഗവും പിന്തുണച്ചാല്‍ 14 പേരുടെ പിന്തുണ മാത്രമാണ് ലഭിക്കുക. ബാക്കി വോട്ടുകള്‍ ബിജെപി കൗണ്‍സിലര്‍മാരില്‍ നിന്ന് ലഭിക്കണം. ഈ സാഹചര്യത്തിലാണ് ബിജെപി കൗണ്‍സിലര്‍മാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്.
അജ്മീറില്‍ നിന്നുള്ള രണ്ട് മുതിര്‍ന്ന ബിജെപി നേതാക്കളായ വാസുദേവ് ദേവ്‌നാനിയും അനിത ഭാഡലും തമ്മിലുള്ള ഏറ്റുമുട്ടലും പാര്‍ട്ടിയുടെ ഐക്യം തകര്‍ത്തു. 'അവരുടെ തര്‍ക്കം രൂക്ഷമാണ്. മറ്റൊരാളുടെ ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാതിരിക്കാന്‍ അവര്‍ക്ക് എന്തും ചെയ്യാന്‍ കഴിയും,' അജ്മീറിലെ കോണ്‍ഗ്രസ് സീനിയര്‍ പ്രവര്‍ത്തകനായ മഹേന്ദ്ര സിംഗ് രളാവത ദി വയറിനോട് പറഞ്ഞു.

