രാജ് ഭവന്‍ മാര്‍ച്ച്: സംഘപരിവാര്‍ പ്രതികാര രാഷ്ട്രീയത്തിനെതിരേയുള്ള ശക്തമായ വിദ്യാര്‍ഥി മുന്നേറ്റമാവുമെന്ന് കാംപസ് ഫ്രണ്ട്

സംഘപരിവാര പ്രത്യയശാസ്ത്രത്തിനെതിരേ ശബ്ദമുയര്‍ത്തുന്ന വിദ്യാര്‍ഥി നേതാക്കളെ അറസ്റ്റു ചെയ്യുന്ന സംഘപരിവാര പ്രതികാര രാഷ്ട്രീയത്തെ വിദ്യാര്‍ഥി സമൂഹം ചെറുത്ത് തോല്‍പ്പിക്കും.

Update: 2021-10-21 12:47 GMT
തിരുവനന്തപുരം: ഈ മാസം 23ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ച് സംഘപരിവാര്‍ പ്രതികാര രാഷ്ട്രീയത്തിനെതിരേയുള്ള വിദ്യാര്‍ത്ഥികളുടെ ശക്തമായ പ്രക്ഷോഭമായിരിക്കുമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


ഒരു വര്‍ഷം മുമ്പാണ് ഹഥ്‌റാസില്‍ ക്രൂരമായ ലൈംഗികാതിക്രമത്തിനിരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ആ കുട്ടിയുടെ കുടുംബത്തിന് ഇപ്പോഴും നീതിലഭ്യമായിട്ടില്ല എന്ന് മാത്രമല്ല, ഇരയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ കാംപസ് ഫ്രണ്ട് മുന്‍ ദേശീയ ട്രഷറര്‍ അതീഖുര്‍ റഹ്മാനും, ഡല്‍ഹി സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന മസൂദ് ഖാനും, മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനും, അവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ആലവും അന്യായമായി അറസ്റ്റ് ചെയ്യപെട്ടിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. കാംപസ് ഫ്രണ്ട് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷരീഫിനെയും ഈ വിഷയവുമായി ബന്ധപെടുത്തി അറസ്റ്റ് ചെയ്തു. സംഘപരിവാര പ്രത്യയശാസ്ത്രത്തിനെതിരേ ശബ്ദമുയര്‍ത്തുന്ന വിദ്യാര്‍ഥി നേതാക്കളെ അറസ്റ്റു ചെയ്യുന്ന സംഘപരിവാര പ്രതികാര രാഷ്ട്രീയത്തെ വിദ്യാര്‍ഥി സമൂഹം ചെറുത്ത് തോല്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ സമ്മേളനത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആസിഫ് എം നാസര്‍, തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് ഉമര്‍ മുക്താര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News