മഴ കനക്കും: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്; രാത്രിയാത്ര നിരോധിച്ചു
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യകേരളം മുതല്‍ വടക്കന്‍ കേരളം വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
മഴ കനത്തതോടെ നിരവധി ഡാമുകളുടെ ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. മൂഴിയാര്‍, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി, നെയ്യാര്‍, കല്ലട, മണിയാര്‍, മലങ്കര, ഭൂതത്താന്‍കെട്ട്, വാഴാനി, പീച്ചി, തിരുവാണി, കാഞ്ഞിരപ്പുഴ, മീങ്കര, മലമ്പുഴ, മംഗലം, മൂലത്തറ, കുറ്റ്യാടി, കാരപ്പുഴ, പഴശ്ശി ഡാമുകളാണ് തുറന്നരിക്കുന്നത്. വാഴാനി, പീച്ചി, മീന്‍കര, മംഗലം, മൂഴിയാര്‍, മാട്ടുപ്പെട്ടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി, ബാണാസുരസാഗര്‍ ഡാമുകളില്‍ നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
അതിനിടെ ചാലിയാര്‍ പുഴയിലെ കാഞ്ഞിരപ്പുഴ, ചക്കാലക്കുത്ത് , പെരുവമ്പാടം ഭാഗത്ത് പ്രളയ മാപിനികള്‍ അപകടനിലയ്ക്ക് മുകളില്‍ എത്തിയതായി മുന്നറിയിപ്പുണ്ട്. ഭാരതപ്പുഴ പുലാമന്തോളിന് സമീപം തൂതപ്പുഴയിലും പ്രളയ മാപിനികള്‍ അപകടനിലയ്ക്ക് മുകളിലേക്ക് നീങ്ങുകയാണ്. പട്ടാമ്പി പാലത്തിലൂടെ ഭാരതപ്പുഴ കവിഞ്ഞൊഴുകുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കടലുണ്ടിപ്പുഴയിലെ ചിറ്റത്ത് പാറയില്‍ ഭാഗത്ത് പ്രളയ മാപിനികള്‍ അപകടനിലയ്ക്ക് മുകളിലേക്ക് നീങ്ങുന്നുവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പെരിയാറിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയരുകയാണ്.
പാലക്കാട് മംഗലം ഡാം മേഖല ഒറ്റപ്പെട്ട നിലയിലാണ്. പ്രദേശത്തെ തോടുകളും പുഴകളും കരകവിഞ്ഞ് ഒഴുകുകയാണ്. വെള്ളം കയറിയ ഭാഗത്തെ ഒറ്റപ്പെട്ട് പോയ കുടുംബങ്ങളിലെ ആളുകളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ ഇവിടെ ദുരിതാശ്വാസക്യാമ്പ് തുടങ്ങണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പാലക്കാട് കൃഷിയിടങ്ങള്‍ മുങ്ങുകയാണ്. പട്ടഞ്ചേരി പഞ്ചായത്തിലെ ചേന്തോണി, അണയ്ക്കാട്, മുട്ടിച്ചിറ പാടശേഖരങ്ങളിലെ നെല്‍കൃഷികള്‍ വെള്ളത്തില്‍ മുങ്ങി. വൈദ്യുത തുണുകളും, ഗ്രാമീണ പാതകളും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. 200 എക്കറോളം നെല്‍കൃഷിയാണ് ഇവിടെ വെള്ളക്കെട്ടിലായത്.
കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലെ പ്രവേശനം നിരോധിച്ചു.
ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
എറണാകുളം ജില്ലയില്‍ മഴക്കെടുതി രൂക്ഷമായ മൂവാറ്റുപുഴ മേഖലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.
കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലെ പ്രവേശനം നിരോധിച്ചു.
ഈരാറ്റുപേട്ട വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

