പ്രിയങ്കയ്ക്ക് പിന്നാലെ രാഹുലും യുപിയിലേക്ക്; സന്ദര്‍ശനത്തിന് അനുമതി തേടി

Update: 2021-10-05 16:39 GMT

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ അറസ്റ്റുചെയ്തതിന് പിന്നാലെ കര്‍ഷകര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേഡിയിലേക്ക് രാഹുല്‍ ഗാന്ധിയും. ബുധനാഴ്ച യുപിയില്‍ പോവാന്‍ രാഹുല്‍ ഗാന്ധി യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ അനുമതി തേടിയതായി കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. രാഹുല്‍ അടങ്ങുന്ന അഞ്ചംഗ സംഘമാണ് ലഖിംപൂരില്‍ സന്ദര്‍ശനം നടത്താനൊരുങ്ങുന്നത്. ഉത്തര്‍പ്രദേശില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന സംഭവം രാജ്യമെങ്ങും വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസ് നേതാക്കള്‍ ഉത്തര്‍പ്രദേശിലെത്തി പ്രതിഷേധിക്കുകയാണ്. എന്നാല്‍, ഇവരെയെല്ലാം അറസ്റ്റ് ചെയ്തും തടഞ്ഞുവച്ചും പ്രതിരോധിക്കുകയാണ് യുപി സര്‍ക്കാര്‍. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ രാഹുല്‍ സന്ദര്‍ശിക്കുമെന്നാണ് കെ സി വേണുഗോപാല്‍ അറിയിച്ചത്. സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുന്ന കത്ത് യുപി സര്‍ക്കാരിന് സമര്‍പ്പിച്ചു. കെ സി വേണുഗോപാലും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടാവുമെന്നാണ് വിവരം. അതേസമയം, രാഹുല്‍ ഗാന്ധിയെയും പോലിസ് തടയുമെന്നാണ് സൂചന.

ലഖിംപൂര്‍ ഖേഡിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട എഐസിസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ സീതാപൂരില്‍ തടയുകയും മണിക്കൂറുകളോളം കസ്റ്റഡിയില്‍ വച്ചശേഷം യുപി പോലിസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സമാധാനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. ലഖിംപൂ ഖേഡിയിലേക്ക് പുറപ്പെട്ട ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭുപേഷ് ഭാഗേലിനെ ലഖ്‌നോ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. യുപി കോണ്‍ഗ്രസ് ഓഫിസും പ്രിയങ്കാ ഗാന്ധിയെയും സന്ദര്‍ശിക്കുന്നതിനാണ് ഭാഗേല്‍ ലഖ്‌നോ ചൗധരി ചരണ്‍ സിങ് വിമാനത്താവളത്തിലെത്തിയത്.

എന്നാല്‍, വിമാനത്താവളത്തിന് പുറത്തേക്ക് ഇറങ്ങാന്‍ പോലിസ് അനുവദിച്ചില്ല. പോലിസുമായി കയര്‍ത്ത ഭൂപേഷ് ഭാഗല്‍ ഒടുവില്‍ നിലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഞായറാഴ്ച വൈകീട്ടാണ് ലഖിംപൂരില്‍ കര്‍ഷകരുടെ പ്രതിഷേധത്തിന് ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് ശര്‍മയുടെ മകന്റെ കാര്‍ ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്‌ക്കെതിരേ പ്രതിഷേധിക്കുകയായിരുന്നു കര്‍ഷകര്‍. അതിനിടെയാണ് സംഭവം. പ്രിയങ്കയെ മോചിപ്പിച്ചില്ലെങ്കില്‍ ലഖിംപൂരിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെയാണ് രാഹുല്‍ ഗാന്ധി എത്തുമെന്ന വിവരം.

Tags:    

Similar News