പഞ്ചാബില്‍ ചരണ്‍ജിത് സിങ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; പ്രഖ്യാപിച്ചത് രാഹുല്‍ ഗാന്ധി

Update: 2022-02-06 12:11 GMT

ലുധിയാന: ചരണ്‍ജിത് സിങ് ഛന്നിയെ പഞ്ചാബിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ലുധിയാനയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ഛന്നിയും നവ്‌ജ്യോത് സിങ് സിദ്ദുവും പങ്കെടുത്ത പരിപാടിയിലായിരുന്നു പ്രഖ്യാപനം. ജനങ്ങളാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും പഞ്ചാബ് പറയുന്നത് ഛന്നിയുടെ പേരാണെന്നുമാണ് രാഹുല്‍ പ്രഖ്യാപന വേളയില്‍ പറഞ്ഞത്. നരേന്ദ്രമോദിയും അരവിന്ദ് കെജ്‌രിവാളും ഏകാധിപതികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍, കോണ്‍ഗ്രസ് അങ്ങനെയല്ല. മുഖ്യമന്ത്രി ആരാവണമെന്നതില്‍ എല്ലാവരില്‍നിന്നും അഭിപ്രായം തേടി. പഞ്ചാബിലെ ജനങ്ങളാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് തന്ന അവസരങ്ങളിലെല്ലാം സാധാരണക്കാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും നവ്‌ജോത് സിങ് സിദ്ദുവിനെയും ജാക്കറിനെയും പോലുള്ള നേതാക്കള്‍ പഞ്ചാബ് കോണ്‍ഗ്രസിന്റെ അനുഗ്രഹമാണെന്നും ഛന്നി പ്രതികരിച്ചു. കാര്‍ഷിക നിയമത്തിനെതിരായ സമരത്തില്‍ 700 കര്‍ഷകര്‍ മരിക്കാന്‍ കാരണം ബിജെപിയും അകാലിദളും ആം ആദ്മി പാര്‍ട്ടിയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രവര്‍ത്തകര്‍ക്കിടയിലും സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് പാര്‍ട്ടി നടത്തിയ സര്‍വേയുടെയും അടിസ്ഥാനത്തിലാണ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. സാധാരണ തിരഞ്ഞെടുപ്പിന് മുമ്പായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല. ജനവിധി അനുകൂലമായാല്‍ എംഎല്‍എമാരുടെ യോഗം വിളിച്ച് ചേര്‍ത്ത് മുഖ്യമന്ത്രിയെ തീരുമാനിക്കലാണ് പതിവ് രീതി. ഇതിനാണ് ഇത്തവണ നേതൃത്വം മാറ്റം വരുത്തിയത്.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സിദ്ദുവും ചരടുവലികള്‍ നടത്തിയിരുന്നുവെങ്കിലും ഹൈക്കമാന്‍ഡ് പിന്തുണയോടെ ഛന്നി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവും പറഞ്ഞിരുന്നു. താന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നത് മാറ്റങ്ങള്‍ക്കുവേണ്ടിയാണ്. പദവികള്‍ ലക്ഷ്യം വച്ച് ഒരിക്കലും പ്രവര്‍ത്തിച്ചിട്ടില്ല. അവസാനശ്വാസംവരെ കോണ്‍ഗ്രസിനൊപ്പംതന്നെ നില്‍ക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയാലും ഇല്ലെങ്കിലും അക്കാര്യത്തില്‍ മാറ്റമില്ലെന്നും സിദ്ദു പറഞ്ഞു.

Tags:    

Similar News