യുഡിഎഫ് അധികാരത്തിലേറിയാല്‍ റബറിന്റെ താങ്ങുവില 250 ആക്കും; ആദ്യ തീരുമാനം പ്രഖ്യാപിച്ച് രാഹുല്‍
കോട്ടയം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ചേരുന്ന ആദ്യ മന്ത്രിസഭായോഗം തന്നെ റബറിന്റെ താങ്ങുവില 250 രൂപയായി നിശ്ചയിക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. കോട്ടയത്തെ യുഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറിയാല്‍ യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന ആദ്യ തീരുമാനം ഇതായിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. റബര്‍ താങ്ങുവില ഘട്ടംഘട്ടമായി 300 രൂപയിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കി.
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം വിതറി ഉമ്മന്‍ചാണ്ടിയോടുള്ള ആദരസൂചകമായി കേരളത്തിലെ പ്രചാരണത്തില്‍ താന്‍ നിര്‍ബന്ധമായും എത്തേണ്ട മണ്ഡലമാണിതെന്ന് പറഞ്ഞുകൊണ്ടാണ് പുതുപ്പള്ളിയിലെ പ്രസംഗം രാഹുല്‍ തുടങ്ങിയത്. അനാരോഗ്യം മറന്നും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത ഉമ്മന്‍ചാണ്ടിയുടെ ജനസ്വീകാര്യത അദ്ദേഹത്തിന്റെ വിലാപയാത്രയിലൂടെ ലോകം കണ്ടതാണ്. 10 വര്‍ഷം ഭരണത്തിലിരുന്നിട്ടും റബര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഇടത് സര്‍ക്കാരിനെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു.
മോദി സര്‍ക്കാരിന്റെ വിദേശനയങ്ങളെയും അദാനി ബന്ധത്തെയും പിണറായി സര്‍ക്കാരിനെയും രാഹുല്‍ കടന്നാക്രമിച്ചു. അമേരിക്കയുമായുള്ള കരാറുകളിലൂടെ ഇന്ത്യന്‍ കര്‍ഷകരെ മോദി തീറെഴുതിക്കൊടുത്തുവെന്നും ഡോണള്‍ഡ് ട്രംപിന്റെ അനുമതിയില്ലാതെ ഇന്ധനം വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ ഇന്ത്യയ്ക്ക് നാണക്കേടാണെന്നും അദ്ദേഹം പരിഹസിച്ചു. അദാനി അമേരിക്കയിലേക്ക് പോയാല്‍ പിടിച്ച് അകത്തിടുമെന്ന സ്ഥിതിയാണെന്നും ബിജെപിയുടെ സാമ്പത്തിക സ്രോതസ്സ് വെളിപ്പെടുത്തുമെന്ന് പറഞ്ഞ് അമേരിക്ക മോദിയെ ഭീഷണിപ്പെടുത്തുകയാണെന്നും രാഹുല്‍ ആരോപിച്ചു. പശ്ചിമേഷ്യന്‍ യുദ്ധം സൃഷ്ടിക്കുന്ന അസ്ഥിരത വരുന്ന നാളുകളില്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ'യുടെ പൊള്ളത്തരം തുറന്നുകാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മോദി സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ശബരിമലയിലെ സ്വര്‍ണ്ണം ഇടത് നേതാക്കള്‍ മോഷ്ടിച്ചിട്ടും എന്തുകൊണ്ടാണ് മോദി മിണ്ടാത്തതെന്ന് അദ്ദേഹം ചോദിച്ചു.
