രാഹുല്‍ ഗാന്ധിയുടെ ചിത്രം പ്രൊഫൈലാക്കി; വീട് നിര്‍മാണ സഹായം നല്‍കില്ലെന്ന് സിപിഎം ഭീഷണി

ലൈഫ് ഭവനപദ്ധതി പ്രകാരം അര്‍ഹതപ്പെട്ട വീട് ലഭിക്കാന്‍ വൈകിയത് ചോദ്യം ചെയ്തപ്പോള്‍ സിപിഎം പ്രതിനിധിയായ പഞ്ചായത്തംഗം മോശമായി സംസാരിച്ചെന്നാണ് ഗഫൂര്‍ പറയുന്നത്

Update: 2019-08-31 16:06 GMT

മലപ്പുറം: രാഹുല്‍ ഗാന്ധിയുടെ ചിത്രം പ്രൊഫൈലാക്കിയതിനു ലൈഫ് ഭവന പദ്ധതിയില്‍ വീട് നല്‍കില്ലെന്ന് സിപിഎം പഞ്ചായത്തംഗം ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. ചങ്ങരംകുളത്തിനടുത്ത് നാനാമുക്ക് പഞ്ചായത്തിലെ അബ്ദുല്‍ ഗഫൂറാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍, ഇക്കാരണം കൊണ്ട് ലൈഫ് ഭവന നിര്‍മാണ പദ്ധതിയുടെ ഫണ്ട് നല്‍കുന്നില്ലെങ്കില്‍ ഗഫൂറിന് വീട് വച്ച് നല്‍കാന്‍ തയ്യാറാണെന്ന് ഹൈബി ഈഡന്‍ എംപി ഫേസ്ബുക്കിലൂടെ അറിയിച്ചു. ലൈഫ് ഭവനപദ്ധതി പ്രകാരം അര്‍ഹതപ്പെട്ട വീട് ലഭിക്കാന്‍ വൈകിയത് ചോദ്യം ചെയ്തപ്പോള്‍ സിപിഎം പ്രതിനിധിയായ പഞ്ചായത്തംഗം മോശമായി സംസാരിച്ചെന്നാണ് ഗഫൂര്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈലില്‍ നിന്നു മാറ്റിയില്ലെങ്കില്‍ വീട് തരില്ലെന്ന് പറയുന്ന ശബ്ദ സന്ദേശവും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈബി ഈഡന്‍ എംപി അബ്ദുല്‍ ഗഫൂറുമായി ഫോണില്‍ സംസാരിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ അറിയിച്ചു. ലൈഫ് ഭവന പദ്ധതി പ്രകാരം തുക കൈമാറാന്‍ പഞ്ചായത്ത് ഭരണ സമിതി തയ്യാറായില്ലെങ്കില്‍ എറണാകുളത്ത് താന്‍ നടപ്പാക്കുന്ന തണല്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗഫൂറിന് വീട് നിര്‍മിച്ചു നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

    രാഹുല്‍ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കിയതിന്റെ പേരില്‍ ലൈഫ് പദ്ധതിയില്‍ വീട് നഷ്ടപ്പെടുകയാണെങ്കില്‍ അതങ്ങോട്ട് പോട്ടെ എന്നാണ് ഗഫൂറിന്റെ നിലപാടെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. 25 വര്‍ഷമായി വാടക വീട്ടില്‍ കഴിയുന്നയാളാണ് ഗഫൂര്‍. കരിമ്പിന്‍ ജൂസ് വഴിവക്കില്‍ വിറ്റാണ് ഗഫൂര്‍ കുടുംബം പോറ്റുന്നത്. താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്ന രാഹുല്‍ഗാന്ധിയുടെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ചങ്ക് പറിച്ചു മാറ്റാന്‍ പറ്റുമോ എന്നായിരുന്നു മറുചോദ്യം. രാഷ്ട്രീയ പകവീട്ടല്‍ മൂലം ലൈഫ് പദ്ധതിയില്‍ ഗഫൂറിന് വീട് നിഷേധിച്ചാല്‍ ഞാന്‍ വീട് വച്ചുകൊടുക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. ഗഫൂറിനെ പോലുള്ള കോണ്‍ഗ്രസുകാരാണ് പ്രസ്ഥാനത്തിന്റെ നട്ടെല്ല്. ഗഫൂറിനെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്നുവെന്നും ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തേ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ പെരിയ ഇരട്ടക്കൊലപാതകത്തിലെ കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന്‍ വീട് നിര്‍മിച്ച് നല്‍കിയിരുന്നു.



Full View





Tags: