പോലിസ് തടഞ്ഞു; രാഹുലിനും പ്രിയങ്കയ്ക്കും വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാനായില്ല

മീററ്റിലെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ കാറില്‍ പോകവെയാണ് വഴിമധ്യേ വച്ച് ഇരുവരെയും തടഞ്ഞത്. തുടര്‍ന്ന് ഇരുവരും ഡല്‍ഹിയിലേക്ക് മടങ്ങി.

Update: 2019-12-24 12:05 GMT

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ ഉത്തര്‍പ്രദേശിലെത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മീററ്റില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാതെ പോലിസ് തടഞ്ഞു. മീററ്റിലെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ കാറില്‍ പോകവെയാണ് വഴിമധ്യേ വച്ച് ഇരുവരെയും തടഞ്ഞത്. തുടര്‍ന്ന് ഇരുവരും ഡല്‍ഹിയിലേക്ക് മടങ്ങി.

മീററ്റ് നഗരത്തിന് പുറത്ത് വച്ചാണ് ഇരുവരെയും പോലിസ് തടഞ്ഞത്. തങ്ങളെ തടയാന്‍ ഏതെങ്കിലും ഉത്തരവ് കയ്യിലുണ്ടോ എന്ന ചോദ്യത്തിന് അവര്‍ പ്രതികരിച്ചില്ലെന്നും എന്നാല്‍ അവര്‍ തങ്ങളെ മടക്കി അയക്കുകയായിരുന്നുവെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യതലസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെ മീററ്റ് ജില്ലയിലെ പാര്‍ത്താപൂര്‍ മേഖലയില്‍ വച്ചാണ് ഇരുവരെയും പോലിസ് തടഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. മൂന്ന് പേര്‍ മാത്രമേ ജില്ലയില്‍ പ്രവേശിക്കുകയുളളുവെന്നും നിരോധനാജ്ഞ ലംഘിക്കില്ലെന്നും ഉറപ്പുനല്‍കി. എന്നിട്ടും പോലിസ് ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങളില്‍ ഏറ്റവുമധികം രൂക്ഷമായ പ്രതിഷേധം നടന്നത് മീററ്റിലാണ്. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഡിസംബര്‍ 19ന് ഉത്തര്‍പ്രദേശ് സംസ്ഥാനത്തൊട്ടാകെ നടന്ന പ്രക്ഷോഭത്തില്‍ 19പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ പ്രിയങ്ക ഗാന്ധി സന്ദര്‍ശനം നടത്തിയിരുന്നു. അവിടെ പ്രക്ഷോഭത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച പ്രിയങ്ക ഗാന്ധി അവരെ ആശ്വസിപ്പിച്ച ശേഷമാണ് മടങ്ങിയത്.

Tags:    

Similar News