'റേപ് ഇന്‍ ഇന്ത്യ' പരാമര്‍ശം: രാഹുല്‍ മാപ്പുപറയണം; പാര്‍ലമെന്റില്‍ പ്രതിഷേധവുമായി ബിജെപി എംപിമാര്‍

ബിജെപി വനിതാ എംപിമാരുള്‍പ്പടെയാണ് രാഹുല്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിഷേധിച്ചത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചത്. മോശം പരാമര്‍ശം നടത്തിയ രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

Update: 2019-12-13 06:48 GMT

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. ജാര്‍ഖണ്ഡില്‍ രാഷ്ട്രീയ പ്രചാരണറാലിയ്ക്കിടെ രാഹുല്‍ നടത്തിയ 'റേപ് ഇന്‍ ഇന്ത്യ' എന്ന പരാമര്‍ശമാണ് ബഹളത്തിനിടയാക്കിയത്. ബിജെപി വനിതാ എംപിമാരുള്‍പ്പടെയാണ് രാഹുല്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിഷേധിച്ചത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചത്. മോശം പരാമര്‍ശം നടത്തിയ രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു.

ഇന്ത്യയിലെ സ്ത്രീകളെ മാനഭംഗത്തിനിരയാക്കണമെന്ന് ചരിത്രത്തില്‍ ആദ്യമായാണ് ഒരു നേതാവ് വ്യക്തമായ ആഹ്വാനം നല്‍കുന്നത്. ഇതാണോ ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ള രാഹുല്‍ഗാന്ധിയുടെ സന്ദേശമെന്ന് സ്മൃതി ഇറാനി ചോദിച്ചു.  അദ്ദേഹത്തെ ശിക്ഷിക്കണം. എല്ലാ പുരുഷന്‍മാരും പീഡിപ്പിക്കുന്നവരല്ല. രാഹുല്‍ഗാന്ധി 50നോട് അടുക്കുന്നു. പീഡനത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണ് പരാമര്‍ശമെന്ന് രാഹുല്‍ ഗാന്ധി മനസ്സിലാക്കുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനെതിരേ ഭരണപക്ഷാംഗങ്ങളും ശബ്ദമുയര്‍ത്തി നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് ലോക്‌സഭ ബഹളത്തില്‍ മുങ്ങി. ഇതിന് പിന്നാലെ രാജ്യസഭയിലും ഇതേ വിഷയമുന്നയിച്ച് ഭരണപക്ഷം ബഹളമുണ്ടാക്കി. നരേന്ദ്രമോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് പെണ്‍കുട്ടികള്‍ക്കെതിരേ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

'മേക് ഇന്‍ ഇന്ത്യ' എന്ന് നരേന്ദ്രമോദി പറയുന്നു, എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ എവിടെവേണമെങ്കിലും നോക്കൂ ഇത് 'റേപ് ഇന്‍ ഇന്ത്യ'യായിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ മോദിയുടെ എംഎല്‍എ ഒരു പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. ഇതിനുശേഷം അപകടത്തില്‍പ്പെട്ടു. മോദി ഇതുസംബന്ധിച്ച് ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. ബേട്ടി ബച്ചാവോ എന്നാണ് മോദി പറയുന്നത്. എന്നാല്‍, ആരില്‍നിന്നാണ് നമ്മുടെ പെണ്‍മക്കളെ രക്ഷിക്കേണ്ടതെന്ന് മോദി പറയുന്നില്ല. ബിജെപിയുടെ എംഎല്‍എമാരില്‍നിന്നാണ് അവരെ രക്ഷിക്കേണ്ടതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News