നെഹ്റുവിന്റെ കുറ്റമാണോ ?; വൈദ്യുതി പ്രതിസന്ധിയില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍

മോദിയുടെ വാഗ്ദാനങ്ങളും ലക്ഷ്യങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതില്‍ താങ്കള്‍ പരാജയപ്പെട്ടതിന് ആരെയാണ് കുറ്റം പറയുക.

Update: 2022-04-30 17:11 GMT

ന്യൂഡല്‍ഹി: രാജ്യത്ത് വൈദ്യുതി ക്ഷാമം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കല്‍ക്കരി ക്ഷാമവും അതേത്തുടര്‍ന്നുള്ള വൈദ്യുതി ക്ഷാമവും പരിഹരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ് ? ഇതില്‍ ആരെയാണ് കുറ്റം പറയാന്‍ പോകുന്നതെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു.

മോദിയുടെ വാഗ്ദാനങ്ങളും ലക്ഷ്യങ്ങളും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതില്‍ താങ്കള്‍ പരാജയപ്പെട്ടതിന് ആരെയാണ് കുറ്റം പറയുക. നെഹ്റുവിനെയാണോ അതോ സംസ്ഥാനങ്ങളെയാണോ, അതുമല്ലെങ്കില്‍ ജനങ്ങളെയാണോ? രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ട്വീറ്റിനൊപ്പം രാജ്യത്ത് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന മോദിയുടെ മുന്‍കാല പ്രസംഗങ്ങളും ഒപ്പം വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചുള്ള ചാനല്‍ വാര്‍ത്തകളുടെ വീഡിയോയും ചര്‍ച്ചകളും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.